Weddingharmony

Followers

Wednesday, August 22, 2012

HISTORY OF MARRIAGE


വിവാഹത്തിന്റെ ചരിത്രം
നാലപ്പാട്ട് നാരായണമോനോന്‍

ആദ്യകാലങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ വിവാഹം എന്നൊന്നില്ലായിരുന്നു. മൃഗനിര്‍വിശേഷരായിരുന്ന അവര്‍ക്കു കാമനിവൃത്തിക്കു വല്ലതും കാട്ടിക്കൂട്ടണമെന്നല്ലാതെ, അതില്‍ പങ്കുകൊണ്ടിരുന്നവരെ സ്‌നേഹിക്കണമെന്നോ, അതില്‍നിന്നുണ്ടായിത്തീരുന്ന സന്താനങ്ങളുമായി എന്തെങ്കിലും സംബന്ധമുണ്ടെന്നോ ഉള്ള വിചാരം അന്ന് അവരുടെ തലയില്‍ കടന്നിട്ടുണ്ടായിരുന്നില്ല. എന്നല്ല, സ്ത്രീപുരുഷസംഭോഗവും സന്താനോത്പാദനവും തമ്മില്‍ ഒരടുപ്പമുണ്ടെന്നുകൂടി അവര്‍ക്കറിവില്ലായിരുന്നു. ആസ്‌ത്രേലിയയിലെ കാടന്മാര്‍ക്കിടയിലും സൗത്ത് സീ ദ്വീപുകളിലെ അപരിഷ്‌കൃത നിവാസികള്‍ക്കിടയിലും സ്ത്രീപുരുഷസംഭോഗത്തില്‍നിന്നാണ് സന്താനോത്പാദനമുണ്ടാകുന്നതെന്ന സാമാന്യബോധം ഇനിയും കടന്നുകൂടിയിട്ടില്ല. അവരുടെ വിശ്വാസത്തില്‍, സന്താനങ്ങള്‍ ഉണ്ടായിത്തീരുന്നത് ഒരു മൂര്‍ത്തിയുടെ അനുഗ്രഹം കൊണ്ടാണ്; പല മതച്ചടങ്ങുകളുമായി കൂടിമറിഞ്ഞുകിടക്കുന്ന സ്ത്രീപുരുഷസംസര്‍ഗത്തിനു സന്താനോത്്പാദനവുമായി യാതൊരു വിധത്തിലും അടുപ്പമുണ്ടാവാമെന്ന് അവര്‍ ആലോചിച്ചിട്ടില്ല.

അന്നത്തെ മനുഷ്യന്‍, ഹേര്‍ബെര്‍ട്ട് സ്‌പെന്‍സര്‍ പറയുമ്പോലെ, കേവലം സ്വതന്ത്രനായിരുന്നു. അവന് ആരേയും സ്‌നേഹിക്കേണ്ടതില്ല. ആര്‍ക്കും അവന്റെമേല്‍ സ്‌നേഹമുണ്ടാകേണ്ടതുമില്ല. അന്നു കാമവികാരചോദിതനായിരിക്കുമ്പോള്‍ അവന്‍ ഏതു സ്ത്രീയെ മുന്‍പില്‍ക്കണ്ടുവോ അവളെ പിടികൂടും. അപ്പോഴത്തെ കാമനിവൃത്തി വന്നുകഴിഞ്ഞാല്‍പ്പിന്നെ അതിനെപ്പറ്റി ആലോചിച്ചു തലപുണ്ണാക്കാറില്ല. ഈയൊരു കാലത്തിന്റെ നിഴലാട്ടം കുന്തി തന്റെ ഭര്‍ത്താവിനെ സ്ത്രീസ്വഭാവത്തെപ്പറ്റി പറഞ്ഞു ധരിപ്പിക്കുന്നതില്‍ ഏറെക്കുറെ വ്യാപിച്ചുകിടപ്പുണ്ട്.

'ഇന്ധനങ്ങളില്‍ത്തൃപ്തി വരുമാറില്ലഗ്നിക്കു,
സിന്ധുവിന്നില്ല തൃപ്തി വാഹിനികളിലേതും,
അന്തകന്നില്ല സര്‍വജന്തുക്കളിലും തൃപ്തി,
ബന്ധുരാംഗികളായ നാരിമാര്‍ക്കതുപോലേ
പൂരുഷന്മാരില്‍ത്തൃപ്തി വരുമാറില്ലയല്ലോ.
അഗമ്യഗമനമെന്നുള്ളതില്ലംഗനമാര്‍-
ക്കകതാരിങ്കലൊരുനാളുമെന്നറിഞ്ഞാലും:
താതനാകിലും,നിജപുത്രനെന്നിരിക്കിലും,
ഭ്രാതാവാകിലും, മറ്റു പൗത്രാധിയെന്നാകിലും,
സ്വേദിക്കുമല്ലോ യോനി രഹസി കാണുന്നേരം
ഹേതുവേതുമേ വേണ്ടാ കേവലം സ്വാഭാവികം.'

കാലക്രമത്തില്‍ ആ നിലയൊന്നു മാറി, മനുഷ്യന്‍ സാമുദായികജീവിതത്തിലേക്കു കാലെടുത്തുവെച്ചു; മനുഷ്യന്‍ വര്‍ഗീയജീവിതമാരംഭിച്ചു. ഒാരോ വര്‍ഗവും മറ്റെല്ലാ വര്‍ഗങ്ങളും തമ്മില്‍ എപ്പോഴും കലഹിച്ചുകൊണ്ടാണിരുന്നെതെങ്കിലും ആ ഓരോ വര്‍ഗത്തിലുമുള്ള അംഗങ്ങള്‍ തമ്മില്‍ കൂട്ടുകെട്ടു തുടങ്ങി. അതോടുകൂടി ആദിമകാലത്തെ വ്യക്തിസ്വാതന്ത്ര്യം ഒന്നിടുങ്ങി. കൈയൂക്കും സംഘബലവും ഏതു വര്‍ഗത്തിനു കൂടുന്നുവോ, അതു മറ്റു വര്‍ഗങ്ങളെ ജയിച്ചു കീഴടക്കിപ്പോന്നു. അതിനാല്‍ ഓരോ വര്‍ഗത്തിനും തദംഗങ്ങള്‍ തമ്മില്‍ യോജിപ്പും അടുപ്പവും വര്‍ധിപ്പിക്കുന്നത് അത്യാവശ്യമായി. ഈയൊരു വിചാരം വിവാഹംകൊണ്ടുള്ള ബന്ധുത്വത്തെ വര്‍ധിപ്പിക്കുന്നതു നല്ലതാണെന്നു കണ്ടുപിടിച്ചു. അഗത്തീര്‍ഷിയന്മാര്‍ക്കിടയില്‍ ഒരു വര്‍ഗത്തിലെ അംഗങ്ങള്‍ത്തമ്മില്‍ സൗഹാര്‍ദം കൂട്ടുന്നതിനുവേണ്ടി, ഏതു സ്ത്രീയേയും ഏതു പുരുഷനും സ്വീകരിക്കാമെന്ന നിയമം നടപ്പാക്കിയിരുന്നു എന്നും, അതു പിന്നീട് അവരുടെ ഒഴിച്ചുകൂടാത്ത ആചാരമായി എന്നും ഹെറോഡോട്ടസ്സ് എന്ന ചരിത്രകാരന്‍ പ്രസ്താവിക്കുന്നത് ഇവിടെ സ്മരണീയമാണ്. ഇങ്ങനെ ചിലര്‍ വര്‍ഗാംഗങ്ങള്‍ തമ്മില്‍ വിവാഹംമൂലം യോജിപ്പും സ്‌നേഹവും കൂടിവരുന്നുണ്ടെന്നു കണ്ടപ്പോള്‍, അതിനെ മറ്റു വര്‍ഗാംഗങ്ങളും പകര്‍ത്തിയെടുത്തു. കുറേക്കഴിഞ്ഞപ്പോള്‍ വിവാഹം ഒരു സാമുദായികാചാരമായിത്തീര്‍ന്നു- എന്നുവെച്ചാല്‍, വിവാഹത്തിന്മേല്‍ സമുദായം തന്റെ 'സ്വന്തം കൈയൊപ്പും മുദ്രയും വെച്ചു' എന്നു പറയട്ടെ.

കാലക്രമംകൊണ്ടു വിവാഹം സാര്‍വത്രികമായിത്തീര്‍ന്നുവെങ്കിലും അതിന്റെ പരിണാമഗതി പല മാര്‍ഗവിശേഷങ്ങളിലൂടെയും ചവുട്ടിപ്പോന്നിട്ടുണ്ട്. പല രൂപഭേദങ്ങളും അതിനുണ്ടായിത്തീര്‍ന്നിട്ടുണ്ട്. ഹിന്ദുക്കളുടെ ഇടയില്‍ നടപ്പുള്ളവയായി മനു മുതലായ സ്മൃതികര്‍ത്താക്കന്മാര്‍ രേഖപ്പെടുത്തിയ അഷ്ടവിധ വിവാഹങ്ങള്‍ വിവാഹത്തിന്റെ പരിണാമഭേദങ്ങളെ സാമാന്യമായി സൂചിപ്പിക്കുന്നുണ്ടെന്നു സി.വി.വൈദ്യ എന്ന പണ്ഡിതന്‍ സിദ്ധാന്തിക്കുന്നു. അതിനാല്‍ അവയെപ്പറ്റി ഒരു സംക്ഷിപ്തവിവരണം അനാവശ്യമായിരിക്കില്ല.

ആദ്യകാലങ്ങളില്‍ ഒരു ശക്തികൂടിയ സമുദായം ശക്തി കുറഞ്ഞ സമുദായത്തെ ജയിച്ചു കീഴടക്കി അതില്‍നിന്നു കൈയിലാക്കാവുന്നേടത്തോളം ആളുകളെ കൊണ്ടുപോന്നു സ്വന്തം അടിമകളാക്കിവെക്കുക പതിവായിരുന്നു. പുരുഷന്മാരോടുകൂടി സ്ത്രീകളേയും വിജയികള്‍ പിടിച്ചുകൊണ്ടുപോരും. അങ്ങനെ അടിമകളായിക്കിട്ടിയ സ്ത്രീകളെ അവരുടെ ഉടമസ്ഥന്മാരായ സമുദായാംഗങ്ങള്‍ സ്വന്തം ഭാര്യമാരായി കൈക്കൊണ്ടു . യുദ്ധത്തില്‍ ജയിച്ചവര്‍ തോറ്റവരുടെ മറ്റു സ്വത്തുക്കളെയെന്നപോലെ, അപഹരിച്ചെടുത്ത സ്ത്രീകളേയും സ്വന്തമാക്കി എന്ന നിലമാത്രമേ അത്തരം വിവാഹത്തിനുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അന്നത്തെ ഭാര്യമാര്‍ വെറും അടിമകള്‍ മാത്രമായിരുന്നു. ഇത്തരം വിവാഹത്തിനു 'രാക്ഷസം' എന്നു പേര്‍ പറയപ്പെടുന്നു. രാക്ഷസവിവാഹം ഇവിടെ മാത്രമല്ല, ലോകത്തിലെവിടെയും നടപ്പുണ്ടായിരുന്ന ഒന്നാണ്.

ഇന്നത്തെ പല വിവാഹച്ചടങ്ങളുകളിലും രാക്ഷസവിവാഹത്തിന്റെ വ്യാപ്തി വെളിപ്പെടുന്നുണ്ട്.

ചില അപരിഷ്‌കൃതവര്‍ഗക്കാര്‍ക്കിടയില്‍ വിവാഹച്ചടങ്ങുകള്‍ നിര്‍വഹിക്കപ്പെട്ടതിനുശേഷം, വധു കാട്ടുപുറങ്ങളിലേക്കു പാഞ്ഞുപോയി ഒളിക്കുന്നു. അവളുടെ ബന്ധുക്കള്‍ അവള്‍ക്കു വേണ്ട ഭക്ഷണസാധനങ്ങള്‍ ആ ഒളിസ്ഥലത്തു കൊണ്ടുചെന്നു കൊടുക്കും. വരന്‍ അവളേയും അന്വേഷിച്ചു നടക്കുന്നു. ബള്‍ഗേറിയയില്‍ നവോഢകള്‍ ഭവനത്തില്‍ത്തന്നെ താമസിച്ചുകൊള്ളണമെന്നും പുറത്തേക്കിറങ്ങിപ്പോകരുതെന്നും വ്യവസ്ഥയുണ്ട്. ബാബര്‍ദ്വീപുകളില്‍ വരന്‍ വധുവിനെ ഇരുട്ടുമുറികള്‍ക്കുള്ളില്‍വെച്ചു തിരഞ്ഞുപിടിക്കണം. ട്രാന്‍സില്‍വേനിയയില്‍ വധു രണ്ടു തോഴിമാരോടുകൂടി ഒരു മറശ്ശീലയ്ക്കുള്ളില്‍ ഒളിച്ചിരിക്കും. വരന്‍ അവരിലാരാണ് തന്റെ വധുവെന്ന് കണ്ടുപിടിക്കണം. എസ്‌തോനിയയില്‍ വധുവിന്റെ സഹോദരന്‍ സ്ത്രീജനോചിതമായ ഉടുപ്പിട്ടു സഹോദരിയുടെ സ്ഥാനത്തു നില്ക്കും. ബ്രിട്ടനില്‍ മൂന്നു ബദല്‍ വധുക്കളെ വഴിക്കുവഴിയേ തിരഞ്ഞുമാറ്റിയിട്ടുവേണം, വരന്‍ തന്റെ വധുവിനെ കണ്ടുപിടിച്ചുകൊള്‍വാന്‍ എന്നാണ് ആചാരനിര്‍ബന്ധം. ബീഹാറിലെ വിവാഹച്ചടങ്ങുകളെ വിവരിക്കുന്ന കാളീപദമിത്രന്‍ പറയുന്നു: 'വിവാഹമണ്ഡപത്തിലേറുന്നതിനു മുന്‍പായി വധുവും വധുവിന്റെ സഹോദരഭാര്യയും ('ഭോജൈ') ഒരു വസ്ത്രംകൊണ്ടു മൂടിപ്പുതച്ച് ഒരിടത്ത് ഒരുമിച്ചിരിക്കയോ കിടക്കുകയോ ചെയ്യുന്നു. വരന്‍ ആരാണ് തന്റെ വധുവെന്ന് കണ്ടുപിടിക്കണം. ആ 'ഭോജൈ' അയാളെ ചുംബിക്കും. ചിലപ്പോള്‍ ആ 'ഭോജൈ' യുടെ സ്ഥാനത്ത് ഒരാണ്‍കുട്ടിയായിരിക്കും. ദമ്പതികളെ വിവാഹമച്ചിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വധൂസഹോദരന്‍ ആ ഘോഷയാത്രയെ തടുക്കുന്നതായി നടിക്കാറുണ്ട്. അയാളെ ആളുകള്‍ പിടിച്ചുനീക്കി വിവാഹമച്ചിലേക്കു പ്രവേശിക്കും. ഇതു ബലാല്‍ക്കാരമായി വിവാഹം നടത്തിയിരുന്ന കാലത്തെ സൂചിപ്പിക്കുന്നു. 'റങ്കൂണില്‍ തായെറ്റ് മിയോവിലെ ഒരു ഗ്രാമത്തില്‍ ഒരു വിവാഹാവസരത്തില്‍വെച്ചു വരന്‍ കുന്തക്കുത്തേറ്റു മരിച്ചതായി പത്രങ്ങള്‍ (1935) പ്രസ്താവിച്ചിരുന്നു. ദമ്പതിമാരുടെ ഭാവിഭാഗ്യത്തിനായി ഗ്രാമവാസികള്‍ വരന്റെ വീട്ടിനു മീതേ കല്ലെറിയണമെന്നുണ്ട്. അതിനു വരന്‍ അവര്‍ക്കു പ്രതിഫലവും കൊടുക്കണം. പതിവുപ്രകാരമുള്ള ആ സംഖ്യ കൊടുക്കാഞ്ഞിട്ടാണ് ക്രുദ്ധരായ ഗ്രാമീണര്‍ വരനെ കുത്തിക്കൊന്നത്. 

ഇത്തരം ചടങ്ങുകളോടടുപ്പമുള്ളതാണ് വധു മുഖം മൂടണമെന്നും വിവാഹം കഴിയുംമുന്‍പ് വരന്‍ വധുവിനെ കണ്ടാല്‍ ദാമ്പത്യം അമംഗളമാകുമെന്നുമുള്ള വിശ്വാസം. ഈജിപ്തില്‍ വിവാഹം കഴിയുംവരെ വരന് വധൂമുഖം കാണാന്‍ പാടില്ല. ജെരുസലത്തിലെ യഹൂദര്‍ക്കിടയില്‍ വധു വിവാഹമണ്ഡപത്തില്‍ മേല്ക്കട്ടിക്കു ചുവട്ടില്‍ കണ്ണു മടച്ചു നില്ക്കണം. പിന്നീട് വിവാഹമച്ചിലെത്തിയത്തിനുശേഷമേ അവള്‍ക്കു കണ്ണു തുറന്നുനോക്കാന്‍ പാടുള്ളൂ. മേല്ക്കട്ടി കെട്ടുന്നത് മുകളില്‍നിന്നു വരാവുന്ന ദോഷങ്ങളില്‍നിന്നു വധുവിനെ രക്ഷപ്പെടുത്താന്‍വേണ്ടിയാണ്. ഇന്ത്യയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വധൂവരന്മാര്‍ കുളിക്കാതിരിക്കുകയും വൃത്തികെട്ടവയോ കീറിപ്പറഞ്ഞവയോ ആയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തുകൊള്ളണമെന്ന് ആചാരം നിര്‍ബന്ധിക്കുന്നുണ്ട്. അവര്‍ വേഷപ്രച്ഛന്നരാണെന്നര്‍ഥം. പരദേശബ്രാഹ്മണര്‍ക്കിടയില്‍ വിവാഹച്ചടങ്ങുകള്‍ മുഴുമിക്കാന്‍ വേണ്ടിവരുന്ന നാലു ദിവസവും വധൂവരന്മാര്‍ക്കു കുളിക്കാന്‍ പാടില്ല. നമ്പൂതിരിവധുക്കളും വിവാഹക്രിയാകാലങ്ങളില്‍ കുളിക്കാറില്ല. കാമവികാരാവേഗവും കുളിയുമായുള്ള സംബന്ധത്തെപ്പറ്റി മുന്‍പൊരിക്കല്‍ വിവരിച്ചിട്ടുള്ളതും ഇവിടെ സ്മരണീയംതന്നെ.

ഇത്തരം രാക്ഷസവിവാഹത്തിനുശേഷം നടപ്പില്‍ വന്നതാണ് 'ഗാന്ധര്‍വം.' സ്ത്രീപുരുഷന്മാര്‍ തമ്മില്‍ യോജിച്ചു സ്വമേധയാ ഏര്‍പ്പെടുന്നതിനെയാണ് ഗാന്ധര്‍വവിവാഹമെന്നു പറയുന്നത്. രാക്ഷസവിവാഹകാലത്തുണ്ടായിരുന്ന വാളിന്റെ ആധിപത്യം നിലച്ചു. ചെറുവര്‍ഗങ്ങളെല്ലാം ഒന്നിച്ചുചേര്‍ന്നു വലിയ സമുദായമായി, സമാധാനം ആവശ്യമാണെന്ന ബോധം ജനങ്ങളുടെ തലയില്‍ക്കേറി, സാമുദായികനിയമങ്ങള്‍ സ്ഥാപിതങ്ങളാവാന്‍ തുടങ്ങിയകാലത്തെ, ഗാന്ധര്‍വവിവാഹം സൂചിപ്പിക്കുന്നു. ഈ മാറ്റം ആളുകളുടെ മനോവൃത്തിയിലും വ്യാപരിച്ചു. മറ്റുള്ളവരും മനുഷ്യരാണെന്നും സ്ത്രീകളെ അടിമകളായി കരുത്തിപ്പോന്നാല്‍ പോരെന്നുമുള്ള വിചാരത്തിനു വ്യാപ്തിയും ദൃഢതയും വര്‍ധിച്ചു. സ്ത്രീകളുടെ മേല്‍ കുറേക്കൂടി ഔദാര്യബുദ്ധി തോന്നിത്തുടങ്ങിയതോടുകൂടി, അവര്‍ സ്വതന്ത്രകളും ഭര്‍ത്താക്കന്മാരെ സ്വയം തിരഞ്ഞെടുക്കാന്‍ അവകാശമുള്ളവരുമായി രൂപാന്തരപ്പെട്ടുതുടങ്ങി. അങ്ങനെ ഗാന്ധര്‍വവിവാഹം പതുക്കെ നടപ്പിലായി.
പാണിഗ്രഹണം, മാലയിടല്‍, മറ്റും മറ്റും ആ ഒരുകാലത്തെ കുറിക്കുന്ന വിവാഹച്ചടങ്ങുകളാണ്. വിവാഹത്തില്‍ പാണിഗ്രഹണത്തിനുള്ള പ്രാധാന്യം, ഇവിടെ ബ്രാഹ്മണര്‍ക്കിടയിലും മറ്റുമെന്നപോലെ,യൂറോപ്പിലും മറ്റു പലേടങ്ങളിലും വ്യാപിച്ചിട്ടുള്ളൊന്നാണ്. അബിസ്സീനിയയില്‍ ചെറുവിരലുകളെ കൂട്ടിച്ചേര്‍ക്കുകയാണ് പാണിഗ്രഹണസ്ഥാനത്ത് ചെയ്യപ്പെടുന്നത്. അവിടെ വധൂവരന്മാര്‍ കൈപ്പടങ്ങളെ വസ്ത്രത്തിന്നുള്ളില്‍ മറച്ചുവെച്ച് ആ ക്രിയ നിര്‍വഹിക്കുന്നു. പാണിഗ്രഹണത്തിന്റെ ഈ രൂപഭേദം കേരളത്തിലും നടപ്പില്ലാത്തതല്ല. എല്‍.കെ. അനന്തകൃഷ്ണയ്യര്‍ പറയുന്നു: 'ഓടന്മാര്‍ക്കിടയില്‍ ചെറുവിരലുകളെ കൂട്ടിച്ചേര്‍ക്കുകയാണ് വിവാഹച്ചടങ്ങ്. ഒരു യുവതി ഭര്‍ത്താവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം ചെയ്യുന്നപക്ഷം, ആ വധൂവരന്മാര്‍ മോതിരവിരലുകളെയാണ് കൂട്ടിയിണക്കേണ്ടത്.

അങ്ങനെ ഓരോ ഭര്‍ത്താവും മരിച്ചുപോയി മറ്റൊരാളെ കല്യാണം കഴിക്കുന്ന ഓടന്‍സ്ത്രീകള്‍ ഓരോ വിവാഹസമയത്തും വഴിക്കുവഴിയെ ഓരോ വിരല്‍ മാറ്റി മാറ്റി വരന്റെ അതാതു വിരലോടു ചേര്‍ത്തുപിടിക്കുന്നു.' ഡ്യൂക്ക് ഓഫ് യോര്‍ക്ക് ദ്വീപുകളില്‍ വധൂവരന്മാര്‍ പാണിഗ്രഹണസ്ഥാനത്തു നാളികേരം വെട്ടി വെള്ളെമാഴിക്കുകയാണ് ചെയ്യാറ്. മലയദ്വീപുകളില്‍ വധൂവരന്മാര്‍ ഒാരോ പിടിയരി വാരി പരസ്​പരം വായയിലിട്ടുകൊടുക്കുന്നു. ഇത്തരം ക്രിയകളെല്ലാം ഗാന്ധര്‍വവിവാഹത്തെ സൂചിപ്പിക്കുന്നു.

ഗാന്ധര്‍വവിവാഹത്തിന് ഒരപൂര്‍ണതയുണ്ടെന്ന വിചാരം കാലക്രമത്തില്‍ പരക്കെ വ്യാപരിക്കാന്‍ തുടങ്ങി. ഗാന്ധര്‍വവിവാഹത്തിലേര്‍പ്പെടുന്ന വധുമൂലം വധുവിന്റെ ബന്ധുക്കള്‍ക്കു വിശേഷിച്ചു ഗുണമൊന്നും കൈവരുന്നില്ല. അവരെക്കൂടി അടുപ്പിക്കുന്നതു വരനും കൂറ്റുകാര്‍ക്കും ആവശ്യവുമാണ്. ഈ ഘട്ടത്തില്‍ വന്നുകൂടിയ പരിണാമവിശേഷത്തെ 'ആസുര' വിവാഹം സൂചിപ്പിക്കുന്നു. കന്യാബന്ധുക്കള്‍ക്കും കന്യകയ്ക്കും പണം കൊടുത്തു ചെയ്യപ്പെടുന്ന കന്യാസ്വീകാരമാണ് ആസുരവിവാഹം. ഇങ്ങനെ കന്യകയെ വിലകൊടുത്തു വാങ്ങുന്ന സമ്പ്രദായവും സാര്‍വജനീനമാണെന്നു പറയാം. അനന്തകൃഷ്ണയ്യരുടെ അന്വേഷണത്തില്‍ ഒരു കാക്കാലവധുവിന്റെ വില 120 മുതല്‍ 360 വരെ പണവും (34 മ്പ മുതല്‍ 102 മ്ല ക. വരെ) ഒരു കുടുമിച്ചെട്ടിക്കന്യകയുടേതു 15 പണവും (4ക, 4ണ. 6പ) ഒരു കുമ്പാരവധുവിന്റേതു 75 പണവും (21 ക. 6ണ. 10 പ) ഒരു പണ്ടാരപ്പെണ്ണിന്റേതു 17 ക. 8 ണ. യുമാണെന്നു കണ്ടിരിക്കുന്നു. തെക്കെ സേര്‍വിയയില്‍, വിശേഷിച്ചും കോസേവ് ജില്ലയില്‍, ഭാര്യമാര്‍ക്കുള്ള വില കാലവ്യവസ്ഥവെച്ചു തീര്‍ത്തുകൊടുക്കുന്ന പതിവ് ഇപ്പോള്‍ വീണ്ടും നടപ്പിലായിരിക്കുന്നു. ആദ്യത്തെ കൊല്ലത്തില്‍ 29 പവന്‍, രണ്ടാംകൊല്ലത്തില്‍ 20 പവന്‍, മൂന്നാംകൊല്ലത്തില്‍ 40 പവന്‍, നാലാംകൊല്ലത്തില്‍ 40 പവന്‍ - ഇങ്ങനെ 120 പവന്‍ തികച്ചും വരന്‍ വധുവിന്റെ വിലയായി വധൂബന്ധുക്കള്‍ക്കു കൊടുത്തുതീര്‍ക്കണം. നാലാമത്തെ ഗഡുവുസംഖ്യകൂടി കൊടുത്തുകഴിഞ്ഞാലേ വധു വരന്റെയായിത്തീരൂ. വധുവിന്റെ വില മുഴുവനും വധൂബന്ധുക്കള്‍ക്ക് കൊടുത്തുതീര്‍ത്താല്‍ അവള്‍ വരന്റെ കുടുംബാംഗമായി. വിവാഹത്തിനു മുന്‍പായി വരന്‍ മരിച്ചുപോയെങ്കില്‍, വധു അയാളുടെ സഹോദരന്മാരിലോ അമ്മാമന്മാരിലോ ആരെയെങ്കിലും അല്ലെങ്കില്‍ വരന്റെ അച്ഛനെത്തന്നെയും വിവാഹം ചെയ്തുകൊള്ളണം. ഇങ്ങനെ പല രാജ്യങ്ങളിലും പലതരം സമുദായങ്ങള്‍ക്കിടയിലും ഭാര്യന്മാര്‍ക്കുള്ള വില ഇന്നിന്നതെന്ന് അന്വേഷകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കുറേക്കൂടി കഴിഞ്ഞപ്പോള്‍ വിവാഹാചാരചരിത്രത്തില്‍ മറ്റൊരു പ്രധാന ഘട്ടം ആസന്നമായി; അതിന്റെമേലും മതം കൈവെച്ചതോടുകൂടി, അതും ഒരു മതച്ചടങ്ങായി പരിണമിച്ചു. വിവാഹത്തിന്റെ മാഹാത്മ്യം വര്‍ധിച്ചു. മതത്തിന്റെ ആധിപത്യത്തിനു കനവും ശക്തിയും കൂടിവന്നപ്പോള്‍, ഭര്‍ത്താവിനും ഭാര്യയ്ക്കും ചില ധര്‍മപരങ്ങളായ മുറകളും ചുമതലകളുമുണ്ടെന്നുള്ള നിയമം സ്ഥാപിതമായി; വിവാഹത്തില്‍ ഇന്നിന്ന ചടങ്ങുകള്‍ നിറവേറ്റുന്നത് അത്യാവശ്യമാണെന്നു വിധിക്കപ്പെട്ടു: സ്വയംവരകാലങ്ങളില്‍, ഗാന്ധര്‍വവിവാഹപ്രചാരകാലങ്ങളില്‍, സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം പിന്നെയും മതത്തിന്റെ കൈപ്പെരുമാറ്റത്തില്‍ അലംകോലപ്പെടുകയും വിശിഷ്ടനാമങ്ങളും ധരിച്ചു കാഴ്ചയില്‍ ദിവ്യങ്ങളായ അടിമത്തത്തിന്റെ നാനാതരരൂപഭേദങ്ങളിലേക്ക് അതു വീണ്ടും ചുരുങ്ങിക്കൂടുകയും ചെയ്തു. സ്ത്രീകള്‍ ഗൃഹണികളെന്ന മറ്റൊരുതരം മഹത്തരമായ അടിമസ്സംഘത്തിലെ അംഗങ്ങളായിത്തീര്‍ന്നു. അതോടുകൂടി പുരുഷനു കാമവികാരപരങ്ങളായ കാര്യങ്ങളില്‍ പലതും കടന്നുപ്രവര്‍ത്തിക്കാമെന്നും സ്ത്രീകള്‍ക്ക് ചാരിത്രാദികളായ കുറുംകള്ളറകള്‍ക്കുള്ളില്‍ക്കിടന്ന് പരുങ്ങുവാന്‍ മാത്രമേ അധികാരമുള്ളൂ എന്നും വന്നുകൂടി. അങ്ങനെ ഭര്‍ത്താവ് ഭാര്യയുടെ ഈശ്വരനായി -മതം സര്‍വാധിപത്യത്തെ ഏറ്റെടുത്തു, പുരുഷനെ സര്‍വസ്വതന്ത്രനും സ്ത്രീയെ അടിമതന്നെയുമാക്കി രൂപാന്തരപ്പെടുത്തി.

ഒടുവില്‍ മതത്തിന്റെ ശക്തിയെ രാജ്യനിയമം കുറച്ചുവിട്ടുവെങ്കിലും, അതുകൊണ്ടു പുരുഷന്റെയും സ്ത്രീയുടെയും വാസ്തവസ്ഥിതിക്കു വലിയ വ്യത്യാസമൊന്നും വന്നില്ല. മതാധിപത്യകാലത്തെക്കുറിക്കുന്നവയാണ് 'ബ്രഹ്മം' 'ദൈവം', 'ആര്‍ഷം', 'പ്രാജാപത്യം' എന്നീ നാലുതരം വിവാഹങ്ങള്‍. അവയും ലിംഗഭേദസംബന്ധികളായ കാര്യങ്ങളില്‍ തികഞ്ഞ അരാജകത്വത്തെ കാണിക്കുന്ന 'പൈശാച'വിവാഹവും, വഴിക്കുവഴിയെ ഉണ്ടായ മറ്റു പരിണാമഭേദങ്ങളുടെ ചിഹ്‌നങ്ങളായ രാക്ഷസം, ഗാന്ധര്‍വം, ആസുരം എന്നീ വിവാഹഹഭേദങ്ങളും കൂടിയതാണ് സ്മൃതികാരന്മാരുടെ അഷ്ടവിധവിവാഹം.

ബ്രാഹ്‌മോ ദൈവസ്തഥാ ചാര്‍ഷഃ പ്രാജാപത്യസ്തഥാസുരഃ
ഗാന്ധര്‍വോ രാക്ഷസശ്ചൈവ പൈശാചശ്ചാഷ്ടമഃ സ്മൃതഃ'
മതത്തിന്റെ പിടിയില്‍പ്പെട്ട ഗാന്ധര്‍വവിവാഹമാണ് പ്രാജാപത്യം. മനു അതിനെ വിവരിക്കുന്നു:
സഹോഭൌ ചരതാം ധര്‍മമിതി വാചാനുഭാഷ്യ ച
കന്യാപ്രദാനമഭ്യര്‍ച്ച്യ പ്രാജാപത്യോ വിധിഃ സ്മൃതഃ
ആര്‍ഷവിവാഹത്തില്‍ ആസുരംപോലെത്തന്നെ ഒന്നോ രണ്ടോ ഗോമിഥുനത്തെ വരനില്‍നിന്നു വാങ്ങി കന്യകയെ ദാനം ചെയ്കയാണു ചടങ്ങ്. അതിന് ആസുരത്തേക്കാള്‍ മാഹാത്മ്യമുണ്ടായതിന്റെ കാരണം 'ധര്‍മതഃ' എന്ന വാക്കില്‍ക്കിടക്കുന്നു. യാഗാദിസിദ്ധിക്കുവേണ്ടിയാണ് ആ വില വാങ്ങിക്കുന്നതെന്നര്‍ഥം. ആസുരത്തിലാവുമ്പോള്‍ അതു വരശുല്ക്കമായി, താഴ്ന്നു. യാഗാദികര്‍മം ചെയ്യുന്ന ഋത്വിക്കിനു സര്‍വാഭരണഭൂഷിതയായ കന്യകയെ ദാനം ചെയ്യുന്നതു ദൈവവിവാഹം.

രാക്ഷസത്തില്‍ ഒളിഞ്ഞുകിടക്കുന്ന വാള്‍ ഇവിടെ മന്ത്രപൂതമായ ദര്‍ഭപ്പുല്ലായി വേഷംമാറുന്നു. ബ്രാഹ്മവിവാഹം വിവരിക്കപ്പെടുന്നതിങ്ങനെയാണ്:
ആച്ഛാദ്യ ചാര്‍ച്ചയിത്വാ ച ശ്രുതിശീലവതേ സ്വയം
ആഹൂയ ദാനം കന്യായാ ബ്രാഹ്മോ ധര്‍മ്മഃ പ്രകീര്‍ത്തിതഃ

ഇന്നത്തെ വിവാഹത്തില്‍ മതം, ജാതി, വിശ്വാസം, സാമുദായസ്ഥിതി എന്നിവയുടെയെല്ലാം ആധിപത്യംകൊണ്ടുണ്ടാകാവുന്ന മാറ്റങ്ങളെല്ലാം സംഭവിച്ചിട്ടുണ്ട്. ചിലര്‍ക്കിടയില്‍ വധുവും പണവുംകൂടി വരനില്‍ സമര്‍പ്പിക്കപ്പെടുന്നുണ്ടെങ്കില്‍ മറ്റുചിലര്‍ക്കിടയില്‍ വധുവിനെ വരന്‍ പണം കൊടുത്തു വാങ്ങുകതന്നെ വേണം. ചിലര്‍ക്കിടയില്‍ വിവാഹം വധൂവരന്മാര്‍ സ്വയം തീര്‍ച്ചപ്പെടുത്തുകയാണ് പതിവെങ്കില്‍ മറ്റുചിലര്‍ക്കിടയില്‍ വിവാഹക്കാര്യം തീര്‍ച്ചപ്പെടുത്തുക മാത്രമല്ല, വിവാഹം കഴിക്കുകതന്നെയും മറ്റുള്ളവരാണ്. മദാം ഗ്ലേവിയര്‍ പറയുന്നു: 'ചിലപ്പോള്‍ ചില വലിയ കുടുംബങ്ങളില്‍ പെണ്‍കിടാങ്ങളെ മുക്ത്യാറുകള്‍ മുഖാന്തരം മുന്‍കൂട്ടി വിവാഹം കഴിച്ചുവെക്കാറുണ്ട്. ഭര്‍ത്താക്കന്മാരെപ്പറ്റി യാതൊരു വിവരവുമില്ലാതെ വാര്‍ധക്യത്തിലേക്ക് കടന്നിട്ടുള്ള ചില ഭാര്യമാരെ പലേടത്തും കാണാം.' ബലൂചിസ്ഥാനിലുള്ള സ്‌ക്രിസ്സ് വര്‍ഗക്കാര്‍ക്കിടയില്‍ (ഇവര്‍ മുഹമ്മദീയരാണ്) വിവാഹം നടത്തുന്ന മൊല്ല ഒരാട്ടിന്‍തോലിലേക്ക് 'നിക്ക' ചൊല്ലി വധുവിന്റെ മുന്‍പില്‍വെച്ച് ആ ആട്ടിന്‍തോല്‍ ഊതിവീര്‍പ്പിച്ചു വരനുള്ളേടത്തേക്ക് അയച്ചുകൊടുക്കുന്നു. അയാള്‍ അതഴിച്ചനോക്കിയാല്‍ മതി, വിവാഹകര്‍മം മുഴുവനും അനുഷ്ഠിക്കപ്പെട്ടുകഴിഞ്ഞു. ഇല്ലസ്‌ട്രേറ്റഡ് ഇന്ത്യ എന്ന പത്രത്തില്‍ (1935) ഒരു ലേഖകന്‍ എഴുതിക്കാണുകയുണ്ടായി: 'മധുരയിലെ മറവര്‍ക്കിടയില്‍ ഒരസാധാരണമായ വിവാഹസമ്പ്രദായമുണ്ട്. വിവാഹം ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തിയ പുരുഷന്‍ വിവാഹത്തിനു മുന്‍പായി മൃതിയടഞ്ഞുപോയാല്‍ അയാള്‍തന്നെയാണ് വിവാഹം കഴിക്കുന്നതെന്ന മട്ടില്‍, ആ ശവത്തെ പിടിച്ചു പൊന്തിച്ചു വധുവിന്റെ അടുത്തു മുന്‍പിലിരുത്തി വിവാഹകര്‍മം പരിപൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നു. വിവാഹം കഴിഞ്ഞ ഉടനെ താലി പൊട്ടിച്ചുകളയും. പിന്നെ ആര്‍ക്കെങ്കിലും അവളെ ഭാര്യയായി സ്വീകരിക്കാം.'

ഹിന്ദുക്കളുടെ ഇന്നത്തെ വിവാഹം സാമാന്യമായി നോക്കുമ്പോള്‍, മതാധിപത്യത്തിന്റെ കൈപ്പിടിയില്‍ അടങ്ങിക്കിടക്കുന്ന ബ്രഹ്മം, ദൈവം, ആര്‍ഷം, പ്രാജാപത്യം എന്നീ നാലുതരത്തിലൊന്നില്‍ പെട്ടതായിരിക്കും. അങ്ങനെ ദാമ്പത്യത്തില്‍ അനുരാഗത്തിനു യാതൊരു സ്ഥാനവുമില്ലെന്നാകയും, സ്ത്രീ പുരുഷന്റെ ഒരു സുഖോപഭോഗസാമഗ്രി മാത്രമായിത്തീരുകയും സ്ത്രീകളുടെ മേല്‍ സര്‍വാധികാരവും പുരുഷന്മാര്‍ക്കുണ്ടെന്നാവുകയും ചെയ്തു. എന്നാല്‍, പണ്ടത്തെ ആര്യന്മാര്‍ ജീവിതനിര്‍വഹണത്തിനുവേണ്ട ത്രാണി ശരീരത്തിനും ബുദ്ധിക്കും ധാരാളമായുള്ള സന്താനങ്ങളെ ഉത്പാദിപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗമായിട്ടാണ് വിവാഹത്തെ കരുതിപ്പോന്നത്. അവരുണ്ടാക്കിയിട്ടുള്ള വിവാഹച്ചടങ്ങുകളിലും അനുഷ്‌ഠേയങ്ങളെന്ന് വിധിച്ചിട്ടുള്ള ഭാര്യാഭര്‍ത്തൃധര്‍മങ്ങളിലും വധൂവരന്മാര്‍ക്ക് ജപിക്കാനുള്ള മന്ത്രങ്ങളിലും പ്രവര്‍ത്തിക്കാനുള്ള തന്ത്രങ്ങളിലുമെല്ലാം നെടുനീളെ ഭാവിപൗരന്മാര്‍ ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞവരായിരിക്കണമെന്നുള്ള അവരുടെ അതിശ്രദ്ധ പ്രതിഫലിച്ചിട്ടുണ്ട്. അന്നത്തെ ആളുകള്‍ക്ക് മതത്തിന്റെ മേല്‍ പ്രതിപത്തി കൂടിയിരുന്നതുകൊണ്ട് ആ ആദിമനിയമകര്‍ത്താക്കന്മാര്‍ സാമുദായികവ്യവസ്ഥകള്‍ക്ക് ഉറപ്പുകൂട്ടാന്‍വേണ്ടി അവയെ മതത്തോടു കൂട്ടിക്കെട്ടിയതായിരിക്കണമെന്നും നാം ആലോചിക്കേണ്ടതാണ്. കാലക്രമംകൊണ്ട് ആ മഹാത്മാക്കളുടെ ഉദ്ദേശ്യത്തെ ആളുകള്‍ വിസ്മരിച്ചുകളയുകയും പലതരം കാടും പടലും വന്നുകൂടി അതിനെ നോക്കിയാല്‍ കാണാതാക്കുകയും ചെയ്തു. 

എങ്കിലും ഇന്നത്തെ സൂക്ഷ്മചിന്തകന്മാര്‍ പണ്ടത്തെ ആര്യന്മാരാല്‍ സ്ഥാപിതങ്ങളായ ധര്‍മങ്ങളെല്ലാം ഭാവിതലമുറകളെ നന്നാക്കിത്തീര്‍ക്കാനുള്ള വഴികളാണെന്നു കണ്ടുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹാവലക്ക് എല്ലിസ്സ്, എല്ലെന്‍കി എന്നു തുടങ്ങിയവരും വിവാഹംകൊണ്ടു സാധിക്കേണ്ടത് ഉത്തമസന്താനലാഭമാണെന്നു സിദ്ധാന്തിച്ചു. ഹേര്‍ബര്‍ട്ട് സ്‌പെന്‍സറാകട്ടെ, സന്താനങ്ങളുണ്ടാകുന്നതിനു മുന്‍പായി ദാമ്പത്യത്തിലേര്‍പ്പെടാന്‍ പോകുന്ന കാമിനീകാമുകന്മാര്‍ തങ്ങള്‍ കുറെക്കാലംകൊണ്ടു സശ്രദ്ധം നന്നാക്കിത്തീര്‍ക്കുകയും അധികം കുട്ടികളെ ഉണ്ടാക്കാതെ ഉള്ളവരെ വാത്സല്യത്തോടും നിഷ്‌കര്‍ഷയോടുംകൂടി വളര്‍ത്തിക്കൊണ്ടുപോരാന്‍ വേണ്ടതെല്ലാം ചെയ്ത് ഗാര്‍ഹസ്ഥ്യം സുഭഗമാക്കുകയും വാര്‍ധക്യത്തില്‍ സംഭോഗത്തില്‍നിന്ന് നിവര്‍ത്തിക്കുകയുമാണ് ചെയ്യേണ്ടതെന്നുപദേശിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ പണ്ടത്തെ ഹൈന്ദവസ്മൃതികാരന്മാരും ഇന്നത്തെ പാശ്ചാത്യചിന്തകന്മാരും ഏറെക്കുറെ യോജിച്ചുപോകുന്നുണ്ടെന്ന് കാണാം. എന്നല്ല 'മൂര്‍ധാനം പത്യുരാരോഹ' എന്ന യജുര്‍വേദമന്ത്രത്തിന്റെ കര്‍ത്താവ് ഏതു സമുദായപരിഷ്‌കാരിയേയും മുന്നിട്ടുതന്നെ നില്ക്കുന്നുണ്ടെന്ന വാസ്തവവും നാം ഓര്‍മവെക്കേണ്ടിയിരിക്കുന്നു. ഏതായാലും കാലഗതിയോടു യോജിച്ചു തള്ളിക്കയറുന്ന സ്വതന്ത്രേ്യച്ഛയെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നതോടുകൂടി, ആ ശക്തിമത്തായ പ്രവാഹപരമ്പരയെ വിവേകപൂര്‍വം നിയന്ത്രിക്കുന്നതും പ്രയോജനകരമാണെന്നു നമ്മള്‍ അവധാനത്തോടെ ആലോചിക്കാതിരുന്നുകൂടാ, തീര്‍ച്ചതന്നെ.

II
ഒരു നൂറ്റാണ്ടിനു മുന്‍പുവരെ വിവാഹവിഷയം നിയമകര്‍ത്താക്കന്മാരുടെയും മതാചാര്യന്മാരുടെയും ചുറ്റുപാടും ഓടിനടക്കുകയല്ലാതെ, അതിനെ വകഞ്ഞുനോക്കാന്‍ ത്രാണിയുണ്ടെന്നു കരുതപ്പെടാവുന്ന വൈദ്യന്മാരുടെ മുന്‍പില്‍ച്ചെന്നു മുഖം കാണിക്കുവാന്‍ മുതിരുകയുണ്ടായിട്ടില്ല. വല്ലപ്പോഴും തട്ടിത്തിരിഞ്ഞ് അത് വൈദ്യവിദഗ്ധന്മാരുടെ ദൃഷ്ടിപഥത്തില്‍ എത്തിചേര്‍ന്നുവെങ്കിലോ, അവര്‍ അതിനെ നോക്കി, പുരുഷന്മാരെസ്സംബന്ധിച്ചേടത്തോളം, വിവാഹപരിധിക്കപ്പുറത്തു നില്ക്കുമ്പോള്‍, ബ്രഹ്മചര്യം സദാചാരപരമാണെന്നും, ഗൂഢമായി എന്തുതന്നെ ചെയ്താലും പരസ്യമായി അന്യസ്ത്രീസംസര്‍ഗം ചെയ്യുന്നത് ദുരാചാരമാണെന്നും കല്പിക്കുകയും, സ്ത്രീകള്‍ക്കാണെങ്കില്‍ കാമവികാരംകൊണ്ടുള്ള വ്യാപാരങ്ങളൊന്നും ചെയ്യേണ്ടതില്ലാത്തതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം അപണ്ഡിതഭൂഷണമായ മൗനം കൈക്കൊള്ളുകയുംമാത്രം ചെയ്തുപോന്നു. പിന്നീട് അധികകാലം മുന്‍പല്ലാതെ, വൈദ്യന്മാര്‍ക്കു വിവാഹത്തെക്കുറിച്ചാലോചിച്ചു ലോകസംഗ്രഹാര്‍ഥം ചില സദുപദേശങ്ങള്‍ ചെയ്തുവെക്കുകയെങ്കിലും കുടാതെ ഗത്യന്തരമില്ലെന്ന നിലവന്നു. അപ്പോള്‍ അവര്‍ ബ്രഹ്മചര്യാനുഷ്ഠാനം ദോഷകരമല്ലെന്നും മറ്റുമുള്ള ചില പൊള്ളവാക്കുകളടങ്ങിയ നിരര്‍ഥകപ്രസ്താവങ്ങള്‍ അന്തസ്സോടുകൂടി ഉച്ചരിക്കുകയും പുത്രസമ്പാദനത്തിനു മാത്രമായി ആയുഷ്‌കാലത്തിനുള്ളില്‍ രണ്ടോ മൂന്നോ തവണ മാത്രമേ സംഭോഗം ചെയ്യേണ്ടതുള്ളൂ എന്ന വാദക്കാരുടെ അമിതാഹ്ലാദത്തിന് എടുത്തുദ്ധരിക്കാന്‍ പറ്റുന്ന ചില സിദ്ധാന്തങ്ങളെ രേഖപ്പെടുത്തുകയും ചെയ്തുവെച്ചു.

'ശരീരത്തിലെ മാംസപേശികളെയും സ്‌നേഹപിണ്ഡങ്ങളെയും സംബന്ധിച്ചേടത്തോളം ബ്രഹ്മചര്യം ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്നില്ലെന്നുള്ളതു നിര്‍വിവാദമാണ്. ലിംഗഭേദസംബന്ധികളായ മാംസപേശികളെയും സ്‌നേഹപിണ്ഡങ്ങളെയും കുറിച്ചാലോചിക്കുമ്പോഴും ബ്രഹ്മചര്യം ദോഷകരമല്ല.' വാക്കുകളെക്കൊണ്ടുള്ള ഇത്തരം ചെപ്പടിവദ്യ വൈദ്യവൃത്തിയുടെ അന്തസ്സിനു പോരാത്തതാണെന്നുവെച്ച്, അതെല്ലാം കാമവികാരവ്യാപാരങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലാത്ത മുറിവൈദ്യന്മാര്‍ക്കും പൊതുജനങ്ങളുടെ കഥയില്ലായ്മയ്ക്കുമായി വിട്ടുകൊടുത്തു മിണ്ടാതിരിക്കുകയാണ് അടുത്തകാലംവരെ വൈദ്യന്മാര്‍ ചെയ്തുവന്നത്. വൈദ്യവിദഗ്ധന്മാര്‍ ജീവനുള്ള സ്ത്രീപുരുഷന്മാര്‍ക്കുണ്ടാകുന്ന വിവിധ രോഗങ്ങളെപ്പറ്റിയല്ലാതെ കേവലതത്ത്വങ്ങളെക്കുറിച്ചാലോചിച്ച് എന്തിനു തല പുണ്ണാക്കുന്നു? ഇപ്പോള്‍, കാമവികാരപരമായ സദാചാരനിഷ്ഠയുടെ മുറുക്കത്തിനു കുറേശ്ശയായി അയവുവന്നു തുടങ്ങിയപ്പോള്‍ വൈദ്യന്മാര്‍ക്കും വിവാഹകാര്യത്തെപ്പറ്റി നില്ക്കുന്ന വിഷമതകളെക്കുറിച്ച് നാനാമുഖപരീക്ഷണങ്ങള്‍ നടത്തിനോക്കുന്നതിനു ധൈര്യവും ഉത്സാഹവും കൂടിവന്നു.

മധ്യകാലങ്ങളില്‍ യൂറോപ്പില്‍ പലേടത്തും സ്ത്രീപുരുഷസംഭോഗം അത്യാവശ്യമായ ഒന്നായിരുന്നു. ഉത്സവാവസരങ്ങളില്‍ തേവിടിശ്ശികള്‍ അങ്ങുമിങ്ങും ചുറ്റിനടന്ന്, ഒരു പ്രപഞ്ചം മുഴുവനും നോക്കിക്കൊണ്ടു നില്‌ക്കെ, തങ്ങളുടെ വ്യാപാരം നടത്തിപ്പോന്നിരുന്നതായി റോബര്‍ട്ട് മിക്കെല്‍സ് പറയുന്നു. ജയിലിലാക്കപ്പെട്ട കടക്കാര്‍ക്കു വിധിയുടമസ്ഥര്‍ ആഴ്ചയില്‍ രണ്ടു തവണ വീതം വേശ്യാസംസര്‍ഗം ചെയ്യാന്‍ വേണ്ട പണം കൊടുത്തുകൊള്ളണമെന്നു നിയമമുണ്ടായിരുന്നു. അന്നത്തെ ആളുകളുടെ വിശ്വസം ഉള്ളില്‍ കെട്ടിനില്ക്കുന്ന ശുക്ലം വിഷമാണെന്നും അതിനെ അപ്പേപ്പാള്‍ പുറത്തേക്കു വിടാഞ്ഞാല്‍ അത് രക്തത്തെ ദുഷിപ്പിച്ചുകളയുമെന്നുമായിരുന്നു. അതുകാരണം പന്ത്രണ്ടു വയസ്സായ കുട്ടികളെക്കൂടി മാതാപിതാക്കന്മാര്‍ വേശ്യാഗൃഹങ്ങളിലേക്കു പറഞ്ഞയയ്ക്കാറുണ്ട്. നിക്കോബാര്‍ ദ്വീപുകളില്‍ ഒരു പുരുഷന്‍ തനിക്കിഷ്ടപ്പെട്ട ഒരു യുവതിയെ കണ്ടുമുട്ടിയാല്‍ അവളോട് അപ്പോള്‍, അവിടെവെച്ചുതന്നെ, സംഭോഗം ചെയ്യാന്‍ ആവശ്യപ്പെട്ടേക്കും, അവള്‍ അതിനു കൂട്ടാക്കാതിരുന്നാല്‍, സാമാന്യമര്യാദയെ അതിലംഘിച്ചുകണ്ട ദേഷ്യംകൊണ്ടു കലികയറിയ അയാള്‍ തന്റെ മുണ്ടംവടിയെടുത്ത് അവളെ അടിച്ചുകൊല്ലുകതന്നെ ചെയ്യും. അവിടുത്തെ പൊതുജനാഭിപ്രായം അതിനെ കൊണ്ടാടുകയേ പതിവുള്ളൂ. ഇതും സംഭോഗം ചെയ്യാഞ്ഞാല്‍ ദോഷമുണ്ടെന്ന പൊതുജനബോധത്തെത്തന്നെ തെളിയിക്കുന്നു. ഇന്നും ചിലര്‍ ബ്രഹ്മചര്യംകൊണ്ടു പലതരം ഞരമ്പുരോഗങ്ങളും ചിത്തഭ്രമവുമുണ്ടാവുമെന്നു വാദിക്കുന്നുണ്ട്. നേരേമറിച്ചു സംഭോഗഭാവംകൊണ്ടു യാതൊരു ദോഷവുമിെല്ലന്നു സിദ്ധാന്തിക്കുന്നവരും ധാരാളമാണ്.

ജീവിതത്തില്‍ കാമവികാരത്തിനുള്ള സ്ഥാനം മഹത്തരമാണെന്നു തീര്‍ത്തുപറയുന്ന ഫ്രുഡ്തന്നെ ഒരിടത്ത് എഴുതിക്കാണുന്നു: 'ബ്രഹ്മചര്യംകൊണ്ട് ഞരമ്പുരോഗമുണ്ടാവുമെന്ന് പറഞ്ഞുകേള്‍ക്കാറുള്ളതു കടന്നുവിശ്വസിക്കാന്‍ ആലോചിച്ചിട്ടുവേണം; എളുപ്പത്തില്‍ കൈവരുത്താവുന്ന മൈഥുനകര്‍മംകൊണ്ട് ആശ്വാസപ്പെടുത്താവുന്ന മാനസികരോഗം വളരെച്ചുരുക്കമേ ഉള്ളൂ.' ബ്രഹ്മചര്യം ഒരു പ്രധാന മതച്ചടങ്ങായി അനുഷ്ഠിച്ചുപോരുന്ന കത്തോലിക്ക മതാചാര്യന്മാര്‍ക്കിടയില്‍ ആരോഗ്യത്തിനു സാമാന്യമായി യാതൊരു ഹാനിയും ഉണ്ടായിക്കണ്ടിട്ടില്ലെന്നു ലോവന്‍ഫീല്‍ഡ് അഭിപ്രായപ്പെടുന്നു.

എല്ലിസ്സ് പറയുന്നതിതാണ്: 'ജീവിതത്തിന്റ പ്രധാനധര്‍മം വിട്ടുകൊടുക്കലിനേയും അടക്കിനിര്‍ത്തലിനേയും സമത്തൂക്കത്തില്‍ കൊണ്ടുനടക്കുകയാണ്. വിട്ടുകൊടുക്കല്‍കൊണ്ടുള്ളേടത്തോളം ഗുണം അടക്കിനിര്‍ത്തല്‍കൊണ്ടുമുണ്ട്.

നമ്മള്‍ എപ്പോഴും ചില വികാരങ്ങളെ സ്വച്ഛന്ദം വിട്ടുകൊടുക്കുകയും അടക്കിനിര്‍ത്തുകയും രണ്ടും ചെയ്തുവരുന്നുണ്ട്. അടക്കിനിര്‍ത്തല്‍ ഒരിക്കലും ദോഷകരമല്ല. അതു വിട്ടുകൊടുക്കലിനെ സഹായിക്കുന്നു.ഈയൊരു വാസ്തവം, പരിഷ്‌കാരാഭിവൃദ്ധിയിലെന്നപോലെ അപരിഷ്‌കൃതാവസ്ഥയിലും വെളിപ്പെടുന്നുണ്ട്. ഇതിനു മൃഗങ്ങള്‍ക്കിടയിലും വ്യാപ്തിക്കുറവില്ല. അത്രമേല്‍ സര്‍വവ്യാപകമായ ഒന്ന് ഒരിക്കലും ദോഷകരമായിരിക്കാന്‍ വയ്യാ. എന്നാല്‍, ബ്രഹ്മചര്യംകൊണ്ടു ജീവിതത്തിനോ ബുദ്ധിശക്തിക്കോ മഹത്തരമായ ദോഷമൊന്നും വരാനില്ലെങ്കിലും, ആരോഗ്യവും ചുറുചുറുക്കുമുള്ളവര്‍ക്ക് അതൊരിക്കലും യോജിച്ചതല്ല.' ലിംഗഭേദസംബന്ധികളായ അറിവുകളുണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ള ആരുംതന്നെ സംഭോഗം ചെയ്യായ്കകൊണ്ടു യാതൊരു ദോഷവും വരാനില്ലെന്നു തീര്‍ത്തുപറഞ്ഞു കണ്ടിട്ടില്ലെന്നും എന്നാല്‍ ആ ദോഷങ്ങള്‍ ഒരിക്കലും അത്രയധികം സഗൗരവങ്ങളല്ലെന്നും നെക്ക് പ്രസ്താവിക്കുന്നു. കാമവികാരനിവൃത്തി വരുത്താതെതന്നെ കഴിച്ചാല്‍ ശരീരാരോഗ്യത്തിന് ചില്ലറക്കേടുകളും മനസ്സിനു സ്വസ്ഥതക്കുറവും മറ്റും ഒട്ടൊട്ടുണ്ടാകാറുണ്ട്. സദാചാരനിഷ്ഠനായി ഗ്രന്ഥപഠനത്തില്‍ തികച്ചും ശ്രദ്ധപതിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിക്കു മസ്സുഖമില്ലായ്മയും ഉന്മേഷക്കുറവും സാമാന്യമായുണ്ടാകും. പലതരം പ്രവൃത്തികളിലേര്‍പ്പെട്ടിട്ടുള്ള പല ചെറുപ്പക്കാരികള്‍ക്കും ഇതേ ദോഷങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പുരുഷനെക്കാളധികം സ്ത്രീയാണ് കഷ്ടപ്പെടുന്നത്. അതിനു കാരണം സ്ത്രീകളുടെ കാമവികാരക്കൂടുതലല്ല, വിവാഹപരിധിക്കു പുറത്തുനിന്നും പുരുഷനു കാമനിവൃത്തി വരുത്താന്‍ സൗകര്യം കിട്ടുമെന്നുള്ളതും സ്വപ്‌നസംഭോഗം പുരുഷനെപ്പോലെത്തന്നെ സ്ത്രീയെ ആശ്വാസപ്പെടുത്തുന്നില്ല എന്നുള്ളതുമാണ്. സംഭോഗം െൈകവരാത്തതുകൊണ്ട് ബുദ്ധിമുട്ടുന്ന പല സ്ത്രീകളും സ്വാനുഭവങ്ങളെ അന്വേഷകന്മാര്‍ക്ക് അറിയിച്ചുകൊടുത്തിട്ടുള്ളതിനെ അവര്‍ ഖേപ്പെടുത്തിയിട്ടുണ്ട്. 

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു സ്ത്രീപുരുഷസംഭോഗം ആവശ്യമാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നു ഡോക്ടര്‍ കാതറീന്‍ ഡേവിസ്സ് പലരോടും എഴുതിച്ചോദിച്ചു മറുപടി വരുത്തുകയുണ്ടായി. ആകെ മറുപടി കൊടുത്തവരില്‍ 38.7 ശതമാം ഉവ്വെന്നു പറഞ്ഞവരാണ്. 61.2 ശതമാനം ഇല്ലെന്നു പറകയും ചെയ്തു. എന്നാല്‍, സ്ത്രീപുരുഷ സംഭോഗം ആവശ്യമില്ലെന്നു പറഞ്ഞവരുടെ കൂട്ടത്തില്‍ 59.5 ശതമാനം സ്വയംഭോഗശീലക്കാരായിരുന്നു എന്ന വാസ്തവം ഇവിടെ ശ്രദ്ധേയമാണ്. ആവശ്യമാണെന്നു പറഞ്ഞവരിലും 76.0 ശതമാനം സ്വയംഭോഗശീലക്കാരായിരുന്നു. ഉവ്വെന്നു പറഞ്ഞവരില്‍ അധികംപേരും സ്ത്രീപുരുഷസംഭോഗം അനുഭവിച്ചിട്ടുള്ളവരായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ഇവിടെ ഒരു കാര്യം വിശേഷിച്ചും സ്മരിക്കേണ്ടതുണ്ട്. സംഭോഗമനുഭവിക്കാതെ ബ്രഹ്മചര്യനിഷ്ഠയോടുകൂടി കഴിച്ചുകൂട്ടുന്നവര്‍ - സന്ന്യാസിമാരുടെയും മതാചാര്യന്മാരുടെയും നില നമുക്ക് നോക്കാതെ വിടുക- വളരെ വളരെ ചുരുങ്ങുമെന്ന് അന്വേഷകന്മാര്‍ തീര്‍ത്തുപറയുന്നു. ശരീരത്തെപ്പറ്റി വേണ്ടിടത്തോളം അറിവു സമ്പാദിച്ചിരിക്കേണ്ട വൈദ്യന്മാര്‍ക്കിടയിലും യാതൊരു വിധത്തിലും കാമനിവൃത്തി വരുത്തിയിട്ടില്ലാത്തവര്‍ വളരെ ചുരുങ്ങും. മിറോവ്‌സ്‌കി 86 വൈദ്യന്മാര്‍ക്കിടയില്‍ നടത്തിയ പരീക്ഷണത്തില്‍ അവരില്‍ വിവാഹത്തിനു മുന്‍പ്് സംഭോഗസുഖമനുഭവിക്കാതെ ഒരാളെ മാത്രമേ കണ്ടിട്ടുള്ളൂ. സ്ത്രീപുരുഷസംഭോഗമനുഭവിച്ചിട്ടില്ലാത്തവര്‍ പ്രായേണ സ്വയംഭോഗം ചെയ്തിട്ടുണ്ടാവും. റോള്‍ഡെരുടെ അഭിപ്രായപ്രകാരം, കാമനിവൃത്തിവരുത്താത്ത ഒരാള്‍ നൂറുപേര്‍ക്കിടയിലുണ്ടാവുക എന്നത് അസംഭാവ്യമാണ്. ചില രാജ്യങ്ങളില്‍ വ്യഭിചാരത്തിനാണ് അതിവ്യാപ്തിയെങ്കില്‍ മറ്റു ചില രാജ്യങ്ങളില്‍ സയംഭോഗത്തിനാണ്. ഒരു കൂട്ടര്‍ സ്വയംഭോഗത്തോട് പരമവിരോധമുള്ളവരാണെങ്കില്‍, വ്യഭിചാരത്തിന്റെമേല്‍ കുറെയധികം ഭയമുള്ളവരാണ്; മറ്റേക്കൂട്ടര്‍ വ്യഭിചാരം അപായകരവും സദാചാരവിരുദ്ധവുമാണെന്ന് ഉദ്‌ഘോഷിക്കുന്നുണ്ടെങ്കില്‍ സ്വയംഭോഗകാര്യത്തില്‍ പരമദയാലുക്കളുമാണ്. ഫോറെല്‍ വ്യഭിചാരത്തേയും സ്വയംഭോഗത്തേയും ഒരു പടിയില്‍ത്തന്നെ നിര്‍ത്തുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വ്യഭിചാരം 'ഒരുതരം സ്വയംഭോഗമാത്ര'മാണ്. ഭ്രാന്ത്, ശുണ്ഠി, അസ്വസ്ഥത, തലവേദന, ഞരമ്പുരോഗം മുതലായ രോഗങ്ങളല്ലാം സ്ത്രീപുരുഷസംഭോഗത്തിന്റെ അഭാവത്തില്‍നിന്ന് ഉണ്ടായിത്തീരാമെന്ന് തീര്‍ത്തുപറയുമ്പോള്‍ ഈ മുന്‍പറഞ്ഞ കാര്യം ശ്രദ്ധിക്കാതെ വിടുന്നത് അവിവേകമായിരിക്കും. ലോവെല്‍ ഫീല്‍ഡിന്റെ കണ്ടുപിടുത്തംകൊണ്ട് ഇരുപത്തിനാലു വയസ്സിനു മുന്‍പായി പുരുഷന്മാര്‍ക്കു കാമനിവൃത്തി വരുത്തായ്കയില്‍നിന്നും യാതൊരു ദോഷവും ഉണ്ടാവാനില്ലെന്നു വരുന്നു; എന്നാല്‍ മുപ്പതു വയസ്സുവരെ സംഭോഗം ചെയ്യാതിരുന്നിട്ടു പിന്നീടു വിവാഹം ചെയ്യുന്നവരുടെ ഭാവിയെപ്പറ്റി ഹേര്‍ഷ്ഫീല്‍ഡിനു വലിയ നല്ല അഭിപ്രായമില്ല. ആകപ്പാടെ ഫ്രൂഡ്, ലോവെല്‍ ഫീല്‍ഡ്, എല്ലിസ്സ് തുടങ്ങിയവരുടെ നിഷ്‌കൃഷ്ടാഭിപ്രായങ്ങള്‍ നോക്കുമ്പോള്‍ കാമനിവൃത്തി വരുത്താത്തതുകൊണ്ടു പ്രകൃത്യാ ശരീരാരോഗ്യം കുറഞ്ഞവര്‍ക്കു മാത്രമേ ഞരമ്പുരോഗമുണ്ടാവുകയുള്ളൂ.
ഗുരുതരങ്ങളായ ഭക്ഷണങ്ങളെ ഉപേക്ഷിക്കുക, ക്ഷോഭകരമായ ജീവിതത്തില്‍ ഏര്‍പ്പെടാതിരിക്കുക, പച്ചവെള്ളത്തില്‍ കുളിക്കുക, ആഡംബരങ്ങളെ കൈക്കൊള്ളാതിരിക്കുക, ശരീരത്തിനും മനസ്സിനും കലശലായ ക്ഷോഭം തട്ടിക്കുന്ന യാതൊന്നിലും പെടാതെ കഴിക്കുക, ദുസ്സ്വഭാവികളുമായി കൂടിച്ചേരാതിരിക്കുക, എപ്പോഴും പ്രവൃത്തിയെടുക്കുക, തുറന്ന സ്ഥലങ്ങളില്‍വെച്ച് വേണ്ടവിധം വ്യായാമം ചെയ്യുക എന്നിങ്ങനെ ആരോഗ്യവര്‍ധകങ്ങളായ ചികിത്സകളാണ് സംഭോഗം ചെയ്യായ്കകൊണ്ടുള്ള ദോഷങ്ങളില്‍നിന്നു നിവൃത്തികിട്ടുവാന്‍ പറ്റിയവയായി വൈദ്യവിദഗ്ധന്മാര്‍ ഉപദേശിക്കാറുള്ളത്.

എന്നാല്‍, കാമവികാരം കലശായി ഇളകിത്തീര്‍ന്നാല്‍പ്പിന്നെ ഈവക ചികിത്സകളൊന്നും അത്രയധികം ഫലിക്കുകയില്ല. ഇവയെല്ലാം പ്രയോജനകരങ്ങളും കാമവികാരാവേഗത്തെ അടിക്കിനിര്‍ത്തുവാന്‍ പ്രായേണ ഉപയുക്തങ്ങളുമാണെകിലും, അവയ്ക്കു ചെയ്യാന്‍ കഴിവുള്ളതിലധികം ഫലത്തെ അവയില്‍നിന്നാശിക്കുന്നത് കഥയില്ലായ്മയാണ്. ആരോഗ്യകരമായ വ്യായാമം സ്ത്രീയിലും പുരുഷനിലും കാമവികാരാവേഗത്തെ കെടുത്തുന്നതിനു പകരം പൂര്‍വാധികം ഉദ്ദീപിക്കയാണ് ചെയ്യുക. വ്യായാമം വേണ്ടതിലേറിപ്പോയി ശരീരം ക്ഷീണിച്ചുവെങ്കില്‍ മാത്രമേ ഉദ്ദേശിക്കപ്പെട്ട ഫലം അതുകൊണ്ടുണ്ടാവുകയുള്ളൂ. അതുപോലെത്തന്നെ ബുദ്ധിയെക്കൊണ്ടു വ്യാപരിപ്പിക്കുന്നതും കാമവികാരോദ്ദീപകംതന്നെ. ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികളെന്തും കാമവികാരത്തിന് ശക്തികൂട്ടാതിരിക്കാന്‍ വയ്യ. ഒന്നു മറ്റേതിനു നിശ്ചയമായും സഹായമായിട്ടേ നില്ക്കൂ.

കാമവികാരത്തെ ആത്മീയലോകത്തില്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് മറ്റൊന്ന് പറയാനുള്ളത്. യന്ത്രങ്ങള്‍ക്കുള്ളിലെ ചൂടില്‍നിന്ന് ഒരു ഭാഗം മാത്രമേ നമുക്കാവശ്യമുള്ള കാര്യത്തിനു പറ്റിയതായി രൂപാന്തരപ്പെടുന്നുള്ളൂ എന്നതുപോലെ, കാമവകാരത്തിന്റെ ഒരു ഭാഗം മാത്രമേ ആത്മീയവ്യാപാരങ്ങള്‍ക്ക് ഉപയുക്തമായിത്തീരുന്നുള്ളൂ. കാമവികാരത്തള്ളിച്ചയെ കുറയ്ക്കുന്നതിനു മരുന്നുപയോഗിക്കുന്നത് അത്ര ശരിയായിരിക്കയില്ല. ബ്രൊമൈഡ് (ആൃീാശറല) വര്‍ഗത്തില്‍പ്പെട്ട മരുന്നാണ് ഇക്കാര്യത്തില്‍ സാധാരണമായുപയോഗിക്കപ്പെട്ടുന്നത്. എന്നാല്‍, അത് ആരോഗ്യവും പ്രസരിപ്പുമുള്ളവരില്‍ യാതൊരു ഫലവും ചെയ്യുകയില്ലെന്നും, അമിതമായി അകത്താക്കി ശരീരത്തെ ക്ഷീണിപ്പിച്ചാല്‍ മാത്രമേ അതുകൊണ്ടു കാമവികാരാവേഗത്തിന് ശമനം കിട്ടുകയുള്ളൂവെന്നും എല്ലിസ്സ് പറയുന്നു. പ്രകൃതിചോദിതമായ ഒരു പ്രവര്‍ത്തനവിശേഷത്തെ ഔഷധാദികള്‍കൊണ്ട് അടക്കിനിര്‍ത്തുന്നതു നല്ലതുമല്ല. അതുകൊണ്ട് കാമവികാരാവേഗത്തെ തടയുവാന്‍വേണ്ട ത്രാണി ഇനിയും നമുക്കുണ്ടായിക്കഴിഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയേ നിര്‍വാഹമുള്ളൂ (ആത്മസംയമത്തെപ്പറ്റി ഇവിടെ പര്യാലോചിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ). അതിനാല്‍ അങ്ങനെയൊന്നു ചെയ്തുനോക്കണമെന്നാഗ്രഹിക്കുന്നവര്‍ സമുദായനിയമം തുറന്നുകാണിക്കുന്ന വഴിയിലൂടെ ചെന്നു താമസിയാതെ വിവാഹത്തില്‍ ഏര്‍പ്പെടുന്നതുതന്നെയാണ് ഉത്തമമായിട്ടുള്ളത്.
ഇവിടെ വിവാഹം എന്നുവെച്ചാല്‍ എന്താണെന്നുള്ള ആലോചന ഒരിക്കലും അസ്ഥാനത്തിലല്ല. സാമുദായികമായും ജീവശാസ്ത്രസംബന്ധിയായും ആലോചിക്കുമ്പോള്‍, വിവാഹമെന്നത്, രാജ്യനിയമത്തിന്റെയോ നാട്ടാചാരത്തിന്റെയോ സമ്മതം ഉണ്ടായാലും ഇല്ലെങ്കിലും, എന്നന്നേക്കും നിലനിര്‍ത്തിപ്പോരണമെന്ന വിചാരത്തോടുകൂടി സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഏര്‍പ്പെടുന്നതും കാമവികാരപ്രദവുമായ ഒരു കരാറിന്റെ പേരാണ് എന്ന് എല്ലിസ്സ് പറയുന്നു. വെസ്‌റ്റേര്‍ മാര്‍ക്കിന്റെ അഭിപ്രായത്തില്‍, അത് ആചാരംകൊണ്ടോ നിയമംകൊണ്ടോ നിയന്ത്രിതമായ ഒരു സാമുദായികസ്ഥാപനമാണ്. വിവാഹമെന്നത് സ്ത്രീപുരുഷസംബന്ധിയായ സംഭോഗമാണെന്നു കരുതിക്കൂടെന്നും അതു സാമുദായികസ്ഥിതിക്കനുയുക്തമായ ഒരു സ്ഥാപനമാെണന്നും ഡോക്ടര്‍ മലിനോവ്്‌സ്‌ക് തീര്‍ച്ചപ്പെടുത്തുന്നു. ന്യൂഗിനിയയിലെ ട്രോബിയാണ്ട് ദ്വീപിലുള്ളവര്‍ ലിംഗഭേദസംബന്ധികളായ കാര്യങ്ങളില്‍ സകലവിധ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചുപോരുന്നവരാണ്. സംഭോഗസുഖാനുഭവത്തിനുവേണ്ടി അവിടത്തുകാര്‍ക്ക് വിവാഹം ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ അവിടേയും യുവതീയുവാക്കന്മാര്‍ പരസ്​പരാനുരക്തരായി വൈവാഹികജീവിതത്തിലേക്കു പ്രവേശിക്കുന്നുണ്ട്. അതിനാല്‍ വിവാഹം കാമവികാരത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരേര്‍പ്പാടാണെന്നു നിശ്ചയിച്ചുകൂടാ. സമുദായസംബന്ധിയായ ഒരു സ്ഥാപനമാണ് വിവാഹം എന്നു വെക്കുന്നപക്ഷം, അന്യസ്ത്രീപുരുഷസംസര്‍ഗം സദാചാരവിരുദ്ധമാണെന്നു വിധിക്കുന്നത് ശരിയായിരിക്കില്ലെന്ന് എല്ലിസ്സ് പറയുന്നു.

ഹെറോഡോട്ടസ്സ് ഇങ്ങനെ എഴുതിക്കാണുന്നുണ്ട്: 'ഒരു നാസ്‌മോണിയക്കാരന്‍ ഒന്നാമതായി വിവാഹം ചെയ്യുമ്പോള്‍, ആദ്യത്തെ ദിവസം അതിഥികളെല്ലാവരും ആ വധുവിനെ സ്വീകരിച്ചുകൊള്ളണമെന്നും തിരിച്ചുപോകുമ്പോള്‍ ഓരോരുത്തനും ആ സ്ത്രീക്ക് ഓരോ സമ്മാനം കൊടുത്തുകൊള്ളണമെന്നും സാമാന്യനിയമമുണ്ട്. 'ടിബറ്റിലെ ഒരു പ്രസിദ്ധാചാരക്രമം അവിടെയുള്ള പുരുഷന്മാര്‍ കന്യകകളെ വിവാഹം ചെയ്യാറില്ലെന്നും പുരുഷന്മാരുമായി മുന്‍പു സംഭോഗം ചെയ്തിട്ടില്ലാത്ത സ്ത്രീയെ ഭാര്യാപദത്തിലേക്കു പ്രവേശിപ്പിക്കാന്‍ അര്‍ഹയായി ആരും കരുതാറില്ലെന്നും മാര്‍ക്കോപോളോ പറയുന്നു. പെങ്കിടാങ്ങള്‍ വഴിപോക്കരുടെ അടുക്കല്‍ച്ചെന്നു താന്താങ്ങളെ അവര്‍ക്കു സമര്‍പ്പിക്കുകയും അവരില്‍നിന്നു കിട്ടുന്ന മോതിരം മുതലായ ചില്ലറ സമ്മാനങ്ങള്‍ വിവാഹിതകളാവാന്‍ പോകുമ്പോള്‍ ഭാവിവരന്മാര്‍ക്കു സ്വസാമര്‍ഥ്യലക്ഷണങ്ങളായി കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു

അത്തരം സമ്മാനങ്ങളുടെ സംഖ്യക്കൂടുതല്‍ വിവാഹം കഴിയുന്നതിന്് എളുപ്പം കൂട്ടും. ഇങ്ങനെ നോക്കുമ്പോള്‍ വ്യഭിചാരം ലോകത്തിന്റെ നാനാഭാഗത്തും നടപ്പുണ്ടായിരുന്നു.

ഭര്‍ത്താവല്ലാത്ത മറ്റൊരാളെക്കൊണ്ടു കന്യകയ്ക്കു പുരുഷസംസര്‍ഗത്രാണിയുണ്ടാക്കുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുമ്പോള്‍ ഫ്രൂഡ് അതിന് ഒരു കാരണം സൂചിപ്പിക്കുന്നു. ആദ്യമായി അടുത്തു ചെല്ലുന്ന പുരുഷനോടു സ്ത്രീകള്‍ക്കു പ്രകൃത്യാ വിരോധം തോന്നാറുണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഒന്നാമത്തെ സംഭോഗം സന്തോഷത്തെക്കാളധികം ഒരു മായാമോചനത്തെയാണ് സ്ത്രീയില്‍ ഉളവാക്കുന്നത്. ഇതു ഭര്‍ത്തൃസംസര്‍ഗത്തില്‍ അവള്‍ക്ക് ഒരു വെറുപ്പു തോന്നുവാന്‍ കാരണമായിത്തീരുന്നു. പല അസുഖകരങ്ങളായ ദാമ്പത്യങ്ങളുടേയും അടിയില്‍ക്കിടക്കുന്നത് ഇതൊന്നാണെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. അതിനാല്‍ പ്രകൃത്യാ ഉണ്ടായിത്തീരുന്ന ഈ വിദ്വേഷം ഭര്‍ത്താവില്‍ പതിയാതെ കഴിക്കുന്നത് അത്യാവശ്യമായി.

ദാമ്പത്യജീവിതത്തിലെ സുഖം മുഴുവനും നില്ക്കുന്നത് വിവാഹദിവസ രാത്രിയെ അനുസരിച്ചാണെന്നു ബല്‍സാക്ക് പറയുന്നു. മൊണ്‍റ്റൈയിനും അദ്ദേഹത്തോടു യോജിക്കുന്നു: 'പുതുതായി വിവാഹം ചെയ്തവര്‍, തങ്ങളുടെ മുന്‍പില്‍ വേണ്ടിടത്തോളം സമയമുള്ളതുകൊണ്ടു യതൊരു ദ്രുതഗതിയും കാണിക്കാതിരിക്കുന്നതാണുത്തമം. ആദ്യത്തെ ദിവസത്തില്‍ തോല്മ പറ്റുന്നതാണ് എന്നെന്നും ദുഃഖമയമായ ദാമ്പത്യം അനുഭവിച്ചു കഴിഞ്ഞുകൂടുന്നതിനേക്കാള്‍ നല്ലത്. നവോഢയ്ക്ക് യാതൊരു രസക്ഷയവും തോന്നിപ്പോകാന്‍ ഇടവരുത്താതെ അവളെ അവധാനപൂര്‍വം കാലക്രമംകൊണ്ട് അധീനതയില്‍പ്പെടുത്തുവാനാണ് കഥയുള്ള പുരുഷന്‍ ശ്രമിക്കേണ്ടത്.' വിവാഹദിവസമുണ്ടായ വധൂവരന്മാരുടെ അനുഭവം ആജീവനാന്തം നിലനില്ക്കുമെന്നും അന്നത്തെ ബുദ്ധിമുട്ടുകളുടെയും കഷ്ടപ്പാടുകളുടെയും ആധിക്യമനുസരിച്ചു പുരുഷന്‍ അപമൃത്യുവിന്നിരയാവുകയും സ്ത്രീ ഭ്രാന്തശാലയില്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്യാറുണ്ടെന്നും റോബര്‍ട്ട് മിക്കെല്‍സ്സ് പ്രസ്താവിക്കുന്നു. വിവാഹദിവസം ഭര്‍ത്താവു കാണിക്കുന്ന അവിവേകത്തെപ്പറ്റി പണ്ടത്തെ യഹൂദന്മാരുടെ ഭാവനാശക്തി 'അസ്‌മോണീയുസ്സ്' എന്ന ഒരു പിശാചു 'സാറ'യുടെ വിവാഹമഞ്ചത്തില്‍വെച്ച് ആദ്യത്തെ ഏഴു ഭര്‍ത്താക്കന്മാരെ വഴിക്കുവഴിയേ കൊലപ്പെടുത്തി എന്നൊരു കഥ നിര്‍മിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. 

ടി.ജെ.എസ്. ബഗ്ലിസിങ് എന്ന ഒരു സഞ്ചാരി എഴുതിയ ഹിമാലയസഞ്ചാരങ്ങള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന് എടുത്തതാണിത്: 'ഹിമാലയത്തോടടുത്തുള്ള ദര്‍മ പര്‍ഗാനയില്‍ ഭോട്ട് എന്ന സ്ഥലത്ത് ഗ്രാമംതോറും രാത്രികാലങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ക്കു സമ്മേളിക്കുന്നതിനായി ഒരു ഭവനം നീക്കിവെച്ചുകാണാം. വലിയ ഗ്രാമങ്ങളില്‍ അത്തരം സമ്മേളനഗൃഹങ്ങള്‍ ഒന്നിലധികമുണ്ടായിരിക്കും. അതിന് 'രംഗ്ബംഗ് കുടി' (വിനോദിക്കാനുള്ള ഗൃഹം) എന്നു പേര്‍ പറയുന്നു. 'രംഗ്ബംഗ് കുടി' കളില്‍ വിവാഹിതരും അവിവാഹിതരുമായ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചുകൂടും. പത്തു വയസ്സായവര്‍ മുതല്ക്കുള്ള പെങ്കിടാങ്ങളെല്ലാം രാത്രിയായാല്‍ അവിടെ എത്തിക്കുടാന്‍ തുടങ്ങുന്നു; അത്ര പ്രായമായാല്‍പ്പിന്നെ പെങ്കിടാങ്ങള്‍ സ്വഭവനങ്ങളില്‍ അന്തിയുറങ്ങുന്നതു പാപമാണെന്നാണ് അപ്രദേശത്തുകാരുടെ വിശ്വാസം. പ്രസവിക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ വിവാഹിതകള്‍ 'രംഗ് ബംഗ് കുടി'യില്‍ ചെന്നുകൂടല്‍ ചുരുങ്ങും. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ വൈധവ്യം വന്നാല്‍ വീണ്ടും അവര്‍ 'രംഗ്ബംഗ്കുടി'യിലെ പതിവുകാരാവും. അയല്‍പക്കഗ്രാമങ്ങളിലുള്ള യുവാക്കന്മാരെല്ലാം ഒരു ഗ്രാമത്തിലെ വിനോദഗൃഹത്തിലേക്ക് സന്ധ്യയോടുകൂടി ചൂളംവിളിച്ചുകൊണ്ടും രണ്ടാംമുണ്ടു വീശിക്കൊണ്ടും കൂട്ടംകൂട്ടമായി ചെന്നുചേരുന്നു. അങ്ങനെ യുവതീയുവാക്കന്മാര്‍ ഒരുമിച്ചു കൂടിയതിനുശേഷം ഭക്ഷണം കഴിച്ചും മദ്യം കുടിച്ചും ആഭാസമയങ്ങളായ അനുരാഗഗാനങ്ങള്‍ പാടിയും ആഹ്ലാദിക്കുന്നു. യുവാക്കന്മാരും യുവതികളും പരസ്​പരം മടിയില്‍ക്കേറിയിരുന്നും അരക്കെട്ടുകള്‍ കെട്ടിപ്പിടിച്ചും മറ്റും കൂത്തുമറിഞ്ഞു തളര്‍ച്ചയും ഉറക്കവും വന്നാല്‍ ഒരുമിച്ചുചേര്‍ന്ന് കിടന്നുറങ്ങും. ഏതെങ്കിലും കാമിനീകാമുകന്മാര്‍ അനുരാഗത്തില്‍പ്പെടുകയും പരസ്​പരം വിശ്വാസ്യരാവുകയും ചെയ്തുകഴിഞ്ഞാല്‍ അവര്‍ വിവാഹത്തിലേക്കു പ്രവേശിക്കുകയായി. വിവാഹം കഴിയുന്നതിനു മുന്‍പായി പ്രസവിക്കുന്നത് ഒട്ടും ചുരുക്കമല്ല.' ഈ അപരിഷ്‌കൃത സമ്പ്രദായത്തിന്റെ ഒരു നിഴലാട്ടം നമ്മള്‍ മനുസ്മൃതിയിലും കാണുന്നില്ലെന്നില്ല.

പിതൃവേശ്മനി കന്യാ തു യം പുത്രം ജനയേദ്രഹഃ
തം കാനീനം വദേന്നാമ്‌നാ വോഢുഃ കന്യാ സമുത്ഭവം
യാ ഗര്‍ഭിണീ സംസ്‌ക്രിയതേ ജ്ഞാതാജ്ഞാതാപി വാ സതീ
വോഢുഃ സ ഗര്‍ഭോ ഭവതി സഹോഢ ഇതി ചോച്യതേ. 
(അഃ 9 ശ്ലോ. 172. 173)
വിവാഹം കഴിഞ്ഞതിനുശേഷമേ ഗര്‍ഭോത്പാദനം പാടുള്ളൂ എന്ന നിയമം സാര്‍വത്രികമല്ലെന്നുള്ളതും വ്യഭിചാരപ്രചാരത്തെ സൂചിപ്പിക്കുന്നു. റോബെര്‍ട്ട് മിക്കെല്‍സ് പറയുന്ന ഒരു ജര്‍മന്‍ ഡോക്ടറുടെ അന്വേണത്തില്‍, ഡ്രെസ്ഡന്‍ പട്ടണത്തില്‍ ഒരു കൊല്ലത്തിനുള്ളിലുണ്ടായ 10,414 ജനനങ്ങളില്‍ 4048 എണ്ണവും (39 ശതമാനം) വിവാഹം കഴിഞ്ഞ് ഏഴാംമാസത്തിനുള്ളില്‍- അധികഭാഗവും അഞ്ചു മാസത്തിനകം -സംഭവിച്ചതാണെന്നു കണ്ടിട്ടുണ്ട്. ജര്‍മനിയിലെ ചില നാട്ടുമ്പുറങ്ങളിലെ കണക്കുനോക്കിയാല്‍ ഈ തോത് 100-നു 90 വീതമായി വര്‍ധിച്ചുകാണുന്നു.
Source : www.mathrubhumi.com

No comments:

Post a Comment