വിവാഹത്തിന്റെ ചരിത്രം
നാലപ്പാട്ട് നാരായണമോനോന്‍
ബവേറിയയില്‍ ചില ഭാഗത്തു കൃഷീവലന്മാര്‍ കുട്ടിയുണ്ടായിട്ടേ വിവാഹക്രിയ നടത്താറുള്ളൂ; പലപ്പോഴും ആണ്‍കുട്ടി ജനിച്ചിട്ടേ ഉണ്ടായുള്ളൂ എന്നും വരും.
വ്യഭിചാരം ഈവിധം ആദിമകാലം മുതല്‍ എല്ലാ രാജ്യത്തും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നിലനിന്നുവരുന്ന ഒന്നായതുകൊണ്ട്, അതിനെ ഇന്നു നശിപ്പിച്ചുകൂടെന്നു വാദിക്കുന്നത് ഒരിക്കലും ശരിയല്ല. വ്യഭിചാരത്തിന്റെ നിലനില്പ് കഷ്ടപ്പാടുകളുടെയും കൊലപാതകങ്ങളുടെയും കൊടും കൂമ്പാരത്തിനു മുകളിലാണെന്നുള്ള വാസ്തവം നാം ഒരിക്കലും വിസ്മരിക്കരുത്.
ആദ്യകാലത്തെ സ്ഥിതി എന്തുതന്നെയായാലും പരിഷ്‌കാരാഭിവൃദ്ധിയോടുകൂടി കന്യകാലാഭം അഭിമാനകരമായിത്തീരുകയും പുതിയതരം സദാചാരബോധം അന്യപുരുഷഭുക്തയായ സ്ത്രീയോടുള്ള സംസര്‍ഗം നന്നല്ലെന്നാക്കുകയും ചെയ്തുകൊണ്ടു വ്യഭിചാരം നിഷിദ്ധമാവാന്‍ തുടങ്ങി. വിവാഹകാര്യം അനുരാഗത്തിന്റെ ചൊല്പടിയിലേക്കു കടന്നു.
'പ്രജായൈ ഗൃഹമേധിനാം' എന്നുള്ളതു മഹത്തായ ഒരാദര്‍ശമാണെന്ന് എത്രതന്നെ ആര്‍തന്നെ ഉച്ചത്തില്‍ പറഞ്ഞാലും ഇന്നത്തെ ഗൃഹസ്ഥന്മാര്‍ അതിനെ പ്രവൃത്തികൊണ്ട് ആദരിച്ചുപോരുന്നില്ലെന്ന വാസ്തവം ഇവിടെ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. 'അനുരാഗത്തിന്റെ വാസ്തവത്തിലുള്ള പരിപൂര്‍ത്തിയാണീ വിവാഹം' എന്ന എല്ലെന്‍കീയുടെ അഭിപ്രായത്തോടാണ് ഇന്നുള്ളവരധികവും യോജിക്കുന്നത്. പരിഷ്‌കൃതസമുദായങ്ങളിലേക്കു കടക്കുമ്പോള്‍ വിവാഹം സദാചാരപരങ്ങളായ അതാതു രാജ്യത്തെ നടപടികള്‍ കൂടിച്ചേര്‍ന്നതും, മാക്‌സ് ക്രിസ്റ്റിയന്‍ പറയുമ്പോലെ, സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള കാമവികാരസംബന്ധിയായ അടുപ്പത്തെ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ധനസംബന്ധികളും മതസംബന്ധികളുമായ അടിസ്ഥാനങ്ങളോടു സാമുദായികങ്ങളും സദാചാരപരങ്ങളുമായ ചുമതലകളെ ജീവിതത്തിലൂടെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നതുമായ ഒരു കരാറായിത്തീര്‍ന്നിരിക്കുന്നു. കുറേക്കൂടി ആന്തരമായി വിവരണം ചെയ്യുന്നപക്ഷം, വിവാഹമെന്നത്, അന്യോന്യം യോജിപ്പുള്ളവരാണെന്നു താന്താങ്ങള്‍ക്കുറപ്പുള്ള സ്ത്രീയും പുരുഷനും തമ്മില്‍, അനുരാഗത്തിന്റെ നാനാമുഖങ്ങളായ വ്യാപാരങ്ങള്‍ക്കെല്ലാം ഉച്ഛൃംഖലമായി പ്രവര്‍ത്തിക്കുവാന്‍ പറ്റിയ വഴി കണ്ടുപിടിക്കണമെന്ന പ്രധാനോദ്ദേശ്യത്തോടുകൂടി ചെയ്യുന്ന ഒരടുത്തുകൂടലാണെന്നു പറയാം. ഇവിടെ അനുരാഗം എന്നുവെച്ചാല്‍ എന്താണെന്ന ചോദ്യം മുന്‍പിലേക്കു വരുന്നു.
അനുരാഗം എന്താണെന്നാലോചിക്കുമ്പോള്‍ ആദ്യമായി എഡ്വര്‍ഡ് കാര്‍പ്പെന്ററുടെ ഈയൊരഭിപ്രായത്തെ ആദരപൂര്‍വം എടുത്തുകാണിക്കുവാന്‍ എനിക്കാഗ്രഹമുണ്ട്: 'ഭാഷ മനുഷ്യന്റെ സവിശേഷസ്വത്താണ്. അതാണ് മനുഷ്യനെ മറ്റു ജീവികളില്‍നിന്നു വേര്‍പ്പെടുത്തി നിര്‍ത്തുന്നത്. തിര്യക്കുകള്‍ അതിനെ ഉപയോഗിക്കുന്നില്ല - കാരണം, അതുകൊണ്ടാവശ്യമുണ്ടാകുന്ന നിലയിലേക്ക് അവ എത്തിക്കഴിഞ്ഞിട്ടില്ല. ദേവന്മാരും അതിനെ ഉപയോഗിക്കുന്നില്ല -കാരണം, അതുെകാണ്ടാവശ്യമുണ്ടാകുന്ന നിലയില്‍നിന്ന് അവര്‍ പൊന്തിപ്പോയിരിക്കുന്നു. ആത്മപരമായി അത്യധികം അടിയുറച്ചതായ ബോധത്തിന്റെ വ്യാപാരവിഷയങ്ങളിലേക്കു ചേര്‍ന്ന ഒന്നാണ് ഭാഷ -അതേ, മറ്റുള്ളവയില്‍നിെന്നല്ലാം അകന്ന് അവയോടെല്ലാം എതിരായിട്ടുള്ള ആത്മബോധമാണത്. അത്തരം ആത്മബോധത്തില്‍നിന്നാണ് സകല ഭാഷകളുടേയും ഉദ്ഭവം. അത്തരം ആത്മബോധത്തില്‍നിന്ന്-ആത്മാവിന്റെ കേന്ദ്രസ്ഥിതത്വത്തെ നിഷേധിക്കുന്ന തരമായ ആത്മബോധത്തില്‍നിന്ന്- ഉണ്ടാവാത്തതായ അനുരാഗം ഭാഷയെ ആവശ്യപ്പെടുന്നില്ല. അനുരാഗത്തിനാവശ്യമുള്ളതിനെ അതിനു പ്രവൃത്തിയുടെയും ഗാനത്തിന്റെയും ത്യാഗത്തിന്റെയും ബലാത്സംഗത്തിന്റെയും മരണത്തിന്റെയും ഭാഷയിലൂടെയും മഹത്തായ പ്രപഞ്ചസൃഷ്ടിയുടെ പണിപൂര്‍ണക്കാഴ്ചയിലൂടെയും മാത്രമേ പറഞ്ഞൊപ്പിക്കാന്‍ കഴിയൂ.' ഇത്രമേല്‍ മഹത്തരമായ അനുരാഗത്തെപ്പറ്റിയാണ് ഇവിടെ അന്വേഷണം ചെയ്യുന്നതെന്നും അതിനാല്‍ അവിടവിടെ കാണപ്പെടാവുന്ന അപൂര്‍ണതകള്‍ അപരിഹാര്യങ്ങളാണെന്നും ആദ്യമായി പറഞ്ഞുവെക്കട്ടെ.
കാമവികാരത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെല്ലാം അനുരാഗത്തിന്റെ തണലില്‍ സ്ഥലംപിടിക്കുന്നുണ്ട്. അതത്ര ശരിയായിരിക്കില്ലല്ലോ. ശരീരസംബന്ധിയായ കാമവികാരാവേഗത്തിന്റെ പ്രവൃത്തിയായ വിഷയേച്ഛയേയും മറ്റു മനോവികാരങ്ങളോടു കൂടിച്ചേര്‍ന്നുണ്ടാവുന്ന അനുരാഗത്തേയും രണ്ടായി വേര്‍തിരിച്ചുനിര്‍ത്താതെ ഗത്യന്തരമില്ല. എന്നാല്‍ ആ രണ്ടിനേയും വെവ്വേറെ വിവരണം ചെയ്ത് രണ്ട് കള്ളറകളിലേക്കു വേര്‍തിരിച്ചിടുവാന്‍ വാക്കുകള്‍ക്ക് കുറേയധികം പ്രയാസമുണ്ട്. നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള പല വിവരണങ്ങളും വിഷയേച്ഛയുടെയും അനുരാഗത്തിന്റെയും ചില ഭാഗങ്ങളെ മാത്രമേ ചിത്രണം ചെയ്യുന്നുള്ളൂ. ഒരു സ്ഥൂലമട്ടില്‍ പറയുമ്പോള്‍, വിഷയേച്ഛയും സൗഹര്‍ദവും കൂടിച്ചേര്‍ന്നതാണ് അനുരാഗം എന്ന് എല്ലിസ്സ് പറയുന്നു. ബുദ്ധിയിലുടെ പ്രകാശിക്കുന്ന കാമവികാരപ്രവര്‍ത്തനമാണ് അനുരാഗമെന്നത്രേ ഫോറെലിന്റെ വിവരണം. കെന്റിനെ അനുവര്‍ത്തിക്കുകയാണെങ്കില്‍, കാലാനുസാരിയായ ആവര്‍ത്തനബന്ധത്തില്‍നിന്ന് വേര്‍പ്പെടുത്തി ഭാവനാശക്തികൊണ്ട് ശാശ്വതമാക്കിത്തീര്‍ത്ത കാമവികാരപ്രവര്‍ത്തനമാണ് അനുരാഗമെന്നു പറയാം. ഫിറ്റ്‌സര്‍ എന്ന സുപ്രസിദ്ധ ചിന്തകന്‍ അനുരാഗത്തെ വൈശ്യത്തില്‍നിന്നുദ്ഭവിക്കുന്നതും അത് നിറവേറ്റപ്പെടുമെന്ന ആശയെ ഉളവാക്കുന്നേടത്തേക്കു വളര്‍ന്നുചെല്ലുന്നതുമായ ഒരാകര്‍ഷകത്വബോധവും ആത്മാര്‍പ്പണബുദ്ധിയും കൂടിക്കലര്‍ന്ന ഒന്നാണെന്ന് വിവരണം ചെയ്തിരിക്കുന്നു.
എല്ലാ വിവരണങ്ങളും അപൂര്‍ണങ്ങള്‍ മാത്രമായിട്ടേ വരൂ എന്നാണ് എല്ലിസ്സിന്റെ വാദം. അനുരാഗം പരമാഭിവൃദ്ധിയില്‍ തികച്ചും പരോപകാരശീലമായി പരിണമിക്കുന്നുണ്ടെങ്കിലും അതിന്റെ ഉദ്ഭവം സ്വാര്‍ഥതലത്തില്‍നിന്നാണെന്നും ആത്മത്യാഗം അന്തര്‍ഭാഗത്ത് ലയിച്ചുകിടപ്പുണ്ടെങ്കിലും അത് സര്‍വഥാ ഒരു സ്വാര്‍ഥലാഭംതന്നെയാണെന്നും അദ്ദേഹം സാധിക്കുന്നു. ഫ്രൂഡും മറ്റു പലരും അനുരാഗത്തിന്റെ ഉദ്ഭവം സ്വാര്‍ഥപ്രതിപത്തിയില്‍ നിന്നാണെന്നുള്ള പക്ഷക്കാരാണ്. കാമവികാരത്തിനുള്ള ഭാഗത്തെ മാറ്റിവെച്ചാല്‍, അമ്മ കുട്ടിയുടെ ആദ്യത്തെ അനുരാഗഭാജനമാണെന്നു ഫ്രൂഡ് സിദ്ധാന്തിക്കുന്നു. അനുരാഗമായി പരിണമിക്കുന്നതോടുകൂടി സ്വാര്‍ഥപ്രതിപത്തിയില്‍ മുങ്ങിയതായ കാമവികാരം മനഃപൂര്‍വം പരോപകാരശീലത്തിലേക്കു കടക്കുന്നുണ്ട്, തീര്‍ച്ചതന്നെ. കൂട്ടാളിയുടെ കാര്യത്തെപ്പറ്റി ആലോചിക്കാതിരുന്നാല്‍ മൃഗങ്ങള്‍ക്കിടയില്‍പ്പോലും സംഭോഗപ്രാര്‍ഥന ഫലിക്കുകയില്ലെന്നല്ല, സംഭോഗം നടക്കുകകൂടിയില്ല. എന്നാല്‍, അനുരാഗത്തിന്റെ വര്‍ധനയോടുകൂടി ഈ പരോപകാരശീലം തികച്ചും മുന്നിട്ടുവരികയും അതില്‍ സ്വാര്‍ഥപ്രതിപത്തി തികച്ചും ആണ്ടുപോകയും ചെയ്യുന്നു.
അനുരാഗത്തിന്റെ ഈ വളര്‍ച്ച രണ്ടു ഭാഗങ്ങളിലൂടെയാണെന്നു ചിന്തകന്മാര്‍ പറയുന്നുണ്ട്. ശരീരത്തെയാകെ കാമവികാരം കേന്ദ്രമാക്കിത്തീര്‍ക്കുകയും വേഗത്തിലും തടവില്ലാതെയും കാമനിവൃത്തി വന്നിരുന്നേടത്തോളം കാലമുള്ള കാമവികാരകേന്ദ്രത്തിനു വിസ്താരം വര്‍ധിപ്പിക്കുകയുമാണ് ഒരു ഭാഗം; മറ്റേതും, കാമവികാരത്തോടു ചേര്‍ന്നുനില്ക്കുന്ന വികാരാന്തരങ്ങളോടെല്ലാം സ്വയം കൂടിക്കലരുകയും ഇങ്ങനെ കാമവികാരം അനുരാഗമായി അഭിവൃദ്ധിപ്പെട്ടുവന്നതിനുശേഷം സന്താനത്തിന്റെ മേല്‍ മാതാപിതാക്കന്മാര്‍ക്കുള്ള വാത്സല്യവും അതിനെ ശക്തിവെപ്പിക്കുന്നു. സ്ത്രീയുടെ അനുരാഗത്തോടു മക്കള്‍ കാരണം ഉണ്ടായിത്തീര്‍ന്ന വാത്സല്യവും ക്ഷമയും പുരുഷന്റെ അനുരാഗത്തോടു പിതൃത്വഫലമായ രക്ഷാശീലവും കൂടിചേരുന്നു. അങ്ങനെ വിവാഹമൂലം അനുരാഗം സാമുദായികവ്യവസ്ഥയുടെ ഒരു ഭാഗമായി രൂപാന്തരപ്പെടുന്നു എന്നു മാത്രമല്ല, അതിന്റെ ഉത്കൃഷ്ടവ്യാപാരങ്ങള്‍ മതനിഷ്ഠയേയും കലാകുശലതയേയും ഉത്തേജിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ സ്ത്രീകളാണ് മുന്നിട്ടുനില്ക്കുന്നത്. കാമവികാരസംബന്ധിയായ കവിതയെ ഉത്പാദിപ്പിക്കുന്നതില്‍ ലോകത്തിന്റെ നാനാഭാഗത്തും സ്ത്രീകള്‍ പ്രധാന ഭാഗഭാക്കുകളായിട്ടുണ്ടെന്നു ലെത്തൂര്‍നോ പറയുന്നുണ്ട്. അപരിഷ്‌കൃതര്‍ക്കിടയില്‍ കാമവികാരപരങ്ങളായ ഉദ്ദേശ്യങ്ങളില്‍നിന്നുണ്ടാകുന്ന ആത്മഹത്യ അധികമായി കാണപ്പെടുന്നത് സ്ത്രീകളിലാണെന്ന് എല്ലിസ്സ് ഈ ഘട്ടത്തില്‍ എടുത്തുകാണിക്കുന്നു.
ഈ നിലയില്‍, അനുരാഗത്തിന്റെ പരിപൂര്‍ത്തിയെന്ന നിലയില്‍, വിവാഹത്തെ നിരീക്ഷണം ചെയ്യുമ്പോള്‍, പുരുഷന്റെ മറ്റു സമ്പത്തുകള്‍ക്കിടയില്‍ സ്ത്രീയും ഒന്നാണ് എന്നതു മുതല്‍ ഭര്‍ത്താവു ഭാര്യയുടെ ഈശ്വരനാണെന്നുവന്നുകൂടിയതുവരെയുള്ള എല്ലാ പരിണാമഭേദങ്ങളിലൂം പ്രധാന സ്ഥാനം കൈക്കൊണ്ടുശീലിച്ചിട്ടുള്ള ചരിത്രത്തെ ഇന്ന് ഏതുവിധത്തിലാണ് ആളുകള്‍ സ്വീകരിക്കേണ്ടതെന്ന വിചാരം ഇവിടെ വാനയക്കാര്‍ക്കുണ്ടാവാം. എന്നല്ല, ചാരിത്രത്തിന്റെ മേല്‍ ദൂരത്തുനിന്നിട്ടെങ്കിലും ഒളിച്ചുനിന്നിട്ടെങ്കിലും കല്ലെറിയാത്ത സ്വതന്ത്രചിന്തകന്മാര്‍ നമ്മുടെയിടയിലും ഇല്ലെന്നായിവരുന്ന ഇക്കാലത്ത്, അതിനെപ്പറ്റി ഒു സംക്ഷിപ്തനിരൂപണം ചെയ്യുന്നത് അത്യാവശ്യമായും വന്നിരിക്കുന്നു.
മാര്‍ട്ടിന്‍ പറയുന്നു: 'ഒരു രാജ്യത്തിലെ നിയമങ്ങളും ആചാരങ്ങളും എന്തുതന്നെയായാലും അവിടുത്തെ സദാചാരത്തെ നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. സ്വതന്ത്രകളായാലും അസ്വതന്ത്രകളായാലും അവരാണ് സമുദായത്തെ ആന്തരമായി ഭരിക്കുന്നത്. എന്നതുകൊണ്ടെന്നാല്‍, പുരുഷന്മാരുടെ വികാരങ്ങളെല്ലാം അവരുടെ അധീനതയില്‍ക്കിടക്കുന്നു. അവരെ എത്രകണ്ട് ബഹുമാനിച്ചുപോരുന്നുവോ അത്രകണ്ട് ഈ അധികാരബലംകൊണ്ടുള്ള ഫലം ഉത്കൃഷ്ടതരമായിത്തീരും. സ്ത്രീകള്‍ പുരുഷന്മാര്‍ക്കുള്ള ആരാധ്യവസ്തുവായാലും കൂട്ടുകാരികളായാലും വേശ്യകളായാലും, എന്തുതെന്നെയായാലും അവരുടെ സ്ഥിതി പുരുഷന്മാരുടെ സ്ഥിതിയെ തദനുസാരിയായി മാറ്റിത്തീര്‍ക്കുന്നു. നമ്മള്‍ സദാചാരത്തെ സ്ത്രീകളുടെ ചാരിത്രത്തോടു കൂട്ടിച്ചേര്‍ത്തിട്ടുള്ളതുപോലെ, പ്രകൃതി അവരുടെ അന്തസ്സിനോടു നമ്മുടെ ബുദ്ധിയേയും കൂട്ടിയിണക്കിയിരിക്കുന്നു. 'അതിനാല്‍ പ്രപഞ്ചത്തിലെ ശാശ്വതമായ നീതിനിയമം ഇതാണ്. പുരുഷന്മാര്‍ക്കു തങ്ങളേയും അധഃപതിപ്പിക്കാതെ സ്ത്രീകളെ അധഃപതിപ്പിക്കുവാന്‍ വയ്യാ. പുരുഷന്മാരേയും തനിയേ ഉയര്‍ത്തിത്തീര്‍ക്കാതെ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയില്ല.'
അപ്പോള്‍ ഈ ചാരിത്യം എന്നത് എന്താണ്? എല്ലിസ്സിന്റെ അഭിപ്രായത്തെ നമുക്കു നോക്കാം. 'കാമവികാരപ്രവര്‍ത്തനത്തിലുള്ള ആത്മസംയമമാണ് ചാരിത്യം എന്നു വിവരിക്കുന്നതാണ് ഉചിതമായിട്ടുള്ളത് -എന്നുവെച്ചാല്‍, അതുചിലപ്പോള്‍ സംഭോഗനിവൃത്തിയായിരിക്കാമെങ്കിലും സംഭോഗത്തില്‍ ആണ്ടുമുങ്ങുന്നതും ചിലപ്പോള്‍ ചാരിത്രമാണെന്നും വരും. വാസ്തവത്തില്‍ അതിന്റെ ആന്തരാര്‍ഥം മനോവികാരങ്ങളെ മനഃപൂര്‍വമായും യോജിപ്പോടുകൂടിയും ശരിപ്പെടുത്തിനിര്‍ത്തുക എന്നതാണ്.
ഞാന്‍ ഒരിക്കല്‍ പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടി അതേ പ്രായത്തിലുള്ള തന്റെ കൂട്ടാളിയുടെ അത്യാഗ്രഹത്തെപ്പറ്റി അധിക്ഷേപിച്ചു പറയുന്നതു കേട്ടു: 'നിങ്ങള്‍ വികാരങ്ങളെ അടക്കിനിര്‍ത്താന്‍ പഠിച്ചിട്ടില്ല.' 'അതുകൊണ്ടാവശ്യമൊന്നുമില്ല,' കൂട്ടാളി അഭിപ്രായപ്പെട്ടു. 'അതുകൊണ്ടാവശ്യമില്ല.' ആദ്യത്തേവള്‍ തിരിച്ചടിച്ചു; 'അതു നല്ലതാണ്,' ആ പെണ്‍കുട്ടിക്കു മുതിര്‍ന്നുവന്നാല്‍, ചാരിത്യം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ടാവില്ല.' അന്യസ്ത്രീപുരുഷസംസര്‍ഗത്തില്‍നിന്ന് നിവര്‍ത്തിക്കുന്നതാണ് ചാരിത്രം എന്ന സങ്കുചിതവിവരണം അതിന്റെ മാഹാത്മ്യത്തെ കുറച്ചുകളയുന്നു. സ്ത്രീയോ പുരുഷനോ അന്യന്റേതായി തീരാത്തപ്പോള്‍ അവരുമായി സംസര്‍ഗം ചെയ്താല്‍ ചാരിത്രഭംഗം ഉണ്ടാകുന്നില്ലെന്നു കുട്ടികളെക്കൊണ്ടുകൂടി വിജയഘോഷത്തോടെ വാദിപ്പിക്കുവാന്‍ മാത്രം അതമേല്‍ ദുര്‍ബലമാണത്. അത്തരം ബാലിശങ്ങളായ വാദപ്രതിവാദങ്ങള്‍ക്കിടം കൊടുക്കുന്നപക്ഷം ഈ ഭാഗം വല്ലാതെ വീര്‍ത്തുപോകും. അതിനാല്‍ ശാഢമായും അഗാധമായും ചിന്തിക്കുമ്പോള്‍ മതമോ വിശ്വാസമോ എന്തുതന്നെ പറഞ്ഞാലും, പഠിപ്പിച്ചാലും, ചാരിത്രം അതിനോടൊന്നും കൂട്ടുകൂടാതെ നില്ക്കുന്ന ഒരു സവിശേഷ സ്വഭാവഗുണമാണ്. വിഷയേച്ഛയെ അടക്കിനിര്‍ത്തുവാന്‍ ലോകത്തിലെങ്ങും മതം ഉപദേശിക്കുന്നുണ്ട്. ചില സവിശേഷ പരിധിക്കപ്പുറത്തേക്കു കാമവികാരത്തെ പാളിപ്പോവാന്‍ അനുദിക്കുന്നതു മതത്തിന്റെ കണ്ണില്‍ ഒരു പാപമണ്. മനുഷ്യസമുദായത്തിന്റെ സാമാന്യസ്ഥിതിയെ മുന്‍നിര്‍ത്തിത്തന്നെ നോക്കുന്നതായാലും ചാരിത്രം അന്നും ഇന്നും ഇനിയെന്നും ഒരു മഹത്തായ സ്വഭാവഗുണമത്രേ.
മതത്തെ ഇക്കാര്യത്തില്‍ തികച്ചും വിശ്വസിക്കാമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മതം വിഷയസുഖാനുഭവത്തെ തടയുന്നതോടുകൂടി, വിഷയലമ്പടത്വത്തെ വര്‍ധിപ്പിക്കുകയും ചെയ്തുകാണാറുണ്ട്. വിഷയവിരക്തിയുടെ ആവശ്യകതയെപ്പറ്റി പ്രസംഗിക്കുകയും വിഷയവിരക്തിയേയും ചാരിത്രനിഷ്ഠയേയും ആദര്‍ശമാക്കി പ്രതിഷ്ഠിച്ചു കാണിക്കുകയും ചെയ്യുന്നതോടുകൂടിത്തന്നെ, മനഃശക്തി കുറഞ്ഞവരെ മറ്റേ അറ്റത്തേക്കു കൂട്ടിക്കൊണ്ടുപോകയും ചെയ്യാന്‍ പല മതങ്ങളും മടിക്കുകയുണ്ടായിട്ടില്ല. വിഷയവിരക്തിയെ കലശലായി ആദരിക്കുന്നതോടുകൂടി, ആ നിയമകാഠിന്യത്തിനു പതംവരുത്താന്‍വേണ്ടി ചില സന്ദര്‍ഭങ്ങളിലെല്ലാം അതിര്‍കവിഞ്ഞ വിഷയലമ്പടത്വത്തില്‍ക്കിടന്നു കൂത്തുമറിയുവാന്‍ ആളുകള്‍ക്കു വേണ്ടിടത്തോളം ആനുകൂല്യത്തേയും മതംതന്നെ നല്കിവരുന്നുണ്ട്. ഹൈന്ദവപുരാണങ്ങളിലെ അപ്‌സരസ്ത്രീകള്‍-ദിവ്യത്വത്തോടുകൂടിയ തേവിടിശ്ശികള്‍-ഇഹലോകത്തിലെ ചാരിത്രനിഷ്ഠന്മാര്‍ക്കു സര്‍ഗലോകത്തില്‍വെച്ച് ഉച്ഛൃംഖലമായ വിഷയലമ്പടത്വം അനുഭവിക്കാന്‍വേണ്ടി തയ്യാറാക്കി നിര്‍ത്തിയ ആശാമൂര്‍ത്തികളാണ്. ക്രിസ്തുമതസംബന്ധികളായ ചില സവിശേഷ ദിവസങ്ങളില്‍ -ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പിന്നു മുന്‍പുള്ള നാല്പതു ദിവസത്തെ നോമ്പുകാലത്തിന്റെ ആരംഭമായ ഉത്സവദിവസം, പാപസമ്മതം ചെയ്യാനുള്ള ചൊവ്വാഴ്ച, അതിനു മുന്‍പത്തെ ഞായറാഴ്ച എന്നിങ്ങനെയുള്ള പെരുന്നാളുകളില്‍ -ചിലര്‍ ലജ്ജയില്ലാതെ നഗ്നരായി പാഞ്ഞുകളിക്കുകയും ചിലര്‍ നാലുകാല്‍ കുത്തി നടക്കുകയും ചിലര്‍ മൃഗങ്ങളെപ്പോലെ പുളപ്പെടുത്തു കൂത്തുമറിയുകയും ചെയ്യാറുണ്ടെന്നു ഹോര്‍മയര്‍ പറയുന്നു.
ഇത്തരം പൊതുജനോത്സവങ്ങളിലെല്ലാം മതാചാര്യന്മാര്‍ നേതൃത്വം വഹിക്കാറുണ്ട്. അപരിഷ്‌കൃതര്‍ക്കിടയിലെ മതാചാരങ്ങളുടെ കഥ പറയേണ്ടതില്ലല്ലോ. നമ്മള്‍ സന്ന്യാസശീലമെന്നു പറയുന്നതും വിഷയലമ്പടത്വമെന്നു പറയുന്നതും രണ്ടും, ഒരേ പരിചയുടെതന്നെ അകവും പുറവുമാണെന്നുള്ള കാര്‍പ്പെന്റരുടെ സിദ്ധാന്തം ഇവിടെ സ്മരണീയമാണ്. എന്നാല്‍, മതാചാരങ്ങളുടെ മേല്‍ വലിയ പ്രതിപത്തിയില്ലാത്തവരായ സുപ്രസിദ്ധചിന്തകന്മാരും മനുഷ്യലോകത്തിനു ചാരിത്രം അത്യാവശ്യമാണെന്നു തീര്‍ത്തുപറയുമ്പോള്‍ ഒരിടറിച്ചയേയും കാണിക്കാറില്ല.
ചാരിത്രം പരിഷ്‌കൃതന്മാരുടെ കണ്ടുപിടിത്തമാണെന്നും നാം അഭിമാനിക്കേണ്ടതില്ല. പരിഷ്‌കൃതജനങ്ങളും പുരുഷന്മാരുടെ ചാരിത്രം അത്യാവശ്യമായ ഒന്നാണെന്നു കരുതിപ്പോരുന്നില്ല. നേരേമറിച്ച്, ചാരിത്രനിഷ്ഠന്മാരെപ്പറ്റിയുള്ള പല ഗ്രന്ഥകാരന്മാരുടെയും മതിപ്പ് ഏറെക്കുറെ മോശമായിട്ടാണ് കാണുന്നത്. റോബര്‍ട്ട് മിക്കെല്‍സ് ഇങ്ങനെ വിധി കല്പിക്കുന്നു: 'സാമാന്യമായി പറഞ്ഞാല്‍, ചാരിത്രത്തെ ദീക്ഷിക്കുന്ന പുരുഷന്മാരെല്ലാം വാസ്തവത്തില്‍ ഒന്നിനുംകൊള്ളാത്ത മന്തന്മാരായിരിക്കും. ഈയൊരു ബോധത്തെവെച്ചുകൊണ്ടു നമുക്ക് കാടവര്‍ഗങ്ങളിലേക്കു നോക്കുക. കാടന്മാര്‍ക്കിടയില്‍ ചെറുകുട്ടികള്‍ സ്ത്രീപുരുഷസംഭോഗം അഭിനയിക്കുന്നതും മുതിന്നവര്‍ അവരെ അതിനനുവദിക്കുന്നതും സാധാരണമാണ്. പക്ഷേ, അവരും പ്രായപൂര്‍ത്തിയോടുകൂടി ഒരുതരം ആത്മസംയമം ശീലിച്ചുതുടങ്ങും. ഈ ആത്മസംയമത്തെ നമുക്കു ചാരിത്രമെന്നു നാമകരണം ചെയ്യാം. അത്തരം ചാരിത്രം പരിഷ്‌കാരത്തിന്റെ ആദ്യഘട്ടത്തില്‍ക്കൂടി കാണപ്പെടുന്നുണ്ടെന്ന് അന്വേഷകന്മാര്‍ പറയുന്നു. കാടന്മാര്‍ സാമാന്യമായി പുരുഷന്മാരുടെ ചാരിത്രത്തെ വിലവെക്കാറില്ല. എന്നാല്‍, അവര്‍ക്കിടയില്‍ ചിലര്‍ അതിനെ തികച്ചും കൊണ്ടാടുന്നവരായിട്ടുണ്ട്. വടക്കെ അമേരിക്കയിലെ അപരിഷ്‌കൃതവര്‍ഗക്കാരെപ്പറ്റി പ്രസ്താവിക്കുന്ന ഷത്തോബ്രിയാങ്് അവര്‍ക്കിടയില്‍ ഒരു പെങ്കിടാവിനു കിട്ടാവുന്ന വലിയ ബഹുമതി അവളെപ്പറ്റി ആളുകള്‍ 'അവര്‍ ഒരു പുരുഷന്റെ ഒന്നാമത്തെ അനുരാഗപാത്രമാവാന്‍ തികച്ചും അര്‍ഹയാണെന്നു പറയുന്നതാണെ'ന്ന് എഴുതിക്കാണുന്നു.
ചാരിത്രംകൊണ്ട് പലതരം ഗുണങ്ങളും - അവയില്‍ ചിലതു കമ്പമായിരിക്കാം - ഉണ്ടാകാനുണ്ടെന്ന ബോധം പരിഷ്‌കൃതരിലും അപരിഷ്‌കൃതരിലും വ്യാപിച്ചുകിടക്കുന്നു. ക്രോളി സൂചിപ്പിച്ചിട്ടുണ്ട്: 'എന്തുതന്നെയായാലും ശരി, അപരിഷ്‌കൃതമായ സാമുദായികനിയമത്തിലെങ്കിലും, ഈ പറയപ്പെടുന്ന ഗുണങ്ങള്‍ -പൊതുജനങ്ങള്‍ അവയെപ്പറ്റി എന്തഭിപ്രായമെങ്കിലും പുറപ്പെടുവിച്ചുകൊള്ളട്ടെ -ജീവശാസ്ത്രവുമായി ശ്രദ്ധേയമായവിധം യോജിച്ചിരിക്കുന്നുണ്ട്. മനുഷ്യശരീരത്തിലെ രൂപഭേദപ്പെടുത്താവുന്ന ഞരമ്പിന്‍കൂട്ടത്തെ ആത്മസംയമത്തിലേക്കും, ബുദ്ധിപൂര്‍വമായ ജീവിതത്തിലേക്കും, വ്യക്തിപരവും സമുദായപരവുമായ ത്രാണിവിശേഷത്തിലേക്കും തിരിച്ചടുപ്പിക്കുകയാണ് ചാരിത്രത്തിന്റെ പരമപ്രയോജനം.' എന്നാല്‍, അതു വേണ്ടതിലധികം ദൂരത്തേക്കു നീട്ടിക്കൊണ്ടുപോയാല്‍ അതേ ഞരമ്പിന്‍ക്കൂട്ടംതന്നെ പൊട്ടിപ്പോകാനും വഴിയുണ്ടെന്ന് അദ്ദേഹം ഉപദേശിക്കുന്നു. അങ്ങനെയല്ലെങ്കില്‍ അതിന്റെ വളര്‍ച്ച 'പല അനുഭവങ്ങള്‍ക്കുശേഷം , മന്ദമായിട്ടെങ്കിലും സുദൃഢമായി മനുഷ്യന്റെ കാമവികാരപ്രവര്‍ത്തനം ആരംഭിച്ച പ്രകൃത്യനുസാരിയായ ചാരിത്രത്തിന്റ ശാസ്ത്രീയാഭിവൃദ്ധിയിലേക്ക് എത്തിച്ചേരുന്നതുവരെ തുടര്‍ന്നുപോയിക്കൊള്ളുകയും ചെയ്യും.'
സൗശീല്യത്തെ ഉണ്ടാക്കുകയും വിഷയലമ്പടത്വത്തെ ഉത്കൃഷ്ടതയിലേക്കും ഉച്ചസ്ഥിതിയിലേക്കും കയറ്റുകയും കുടുംബജീവിതസുഖത്തേയും സാമുദായിക ധര്‍മ്മാനുഷ്ഠാനത്തേയും പരിപൂര്‍ണമാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നതിനു പുറമേ, ചാരിത്രം കലാവിദ്യകളില്‍ പരിശ്രമിക്കുന്നവര്‍ക്കു വളരെയധികം പ്രയോജനപ്പെടുകയുംകൂടി ചെയ്യുമെന്ന് എല്ലിസ്സ് അഭിപ്രായപ്പെട്ടു. കാമവികാരപരമായ ജീവിതത്തിന്റെ മൂലസാധനമാണ് കലാവിദ്യയുടെയും മൂലസാധനമെന്നും, ഒരു ഭാഗത്തേക്ക് അധികമായി ചാഞ്ഞുപോയാല്‍ മറ്റേ ഭാഗത്തിനു താങ്ങു കുറയുമെന്നും നീച്ചേ സിദ്ധാന്തിക്കുന്നു. വികാരപരത്വം കൂടിയ കലാവിദ്യകളില്‍ അതിബുദ്ധി വ്യാപരിച്ചിട്ടുള്ളവരെല്ലാം ഏറെക്കുറെ ചാരിത്രത്തെ പരിപാലിക്കുവാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളവരാണെന്നും ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു. പല അതിബുദ്ധിമാന്മാര്‍ക്കും സാമാന്യമായി സദാചാരത്തില്‍ നിഷ്ഠയും ലിംഗഭേദപരമായ ജീവിതത്തില്‍ അസമര്‍ഥതയും ഉണ്ടായിരുന്നതായിക്കാണാം. കൗപ്പര്‍ മഹാകവി അത്തരക്കാരനായിരുന്നു. അത്തരം ഒരു കാരണത്തിന്മേലാണ് റസ്‌കിനു വിവാഹമോചനം ചെയ്യേണ്ടിവന്നത്. ജെ.എസ്. മില്‍ കാമവികാരപരമായ ജീവിതത്തില്‍ ഒരു കുട്ടിയായിരുന്നുവത്രേ. കാര്‍ലൈലും ഭാര്യയുംകൂടി എപ്പോഴും ശണ്ഠപിണഞ്ഞിരുന്നതിന്റെ പ്രധാനകാരണം ആ അതിബുദ്ധിമാന്റെ ധാതുപുഷ്ടിക്കുറവാണെന്ന വാദത്തെ വിലവെക്കേണ്ടിയിരിക്കുന്നു. 'പ്രായശോ മഹാസത്ത്വ സ്യ സിംഹവല്‍ സ്വല്പ ഏവ കാമഃ' എന്ന ഭാനുചന്ദ്രവചനവും ഇവിടെ നാം ഓര്‍മിക്കേണ്ടതുതന്നെ.
ചാരിത്രത്തെ വേണ്ടതിലധികം ശക്തിയില്‍ മുറുക്കിപ്പിടിച്ചുകൂടെന്ന്, അതിനെ വേണ്ടതിലധികം അകലത്തേക്കു നീട്ടിക്കൊണ്ടുപോകരുതെന്നും ക്രോളി അഭിപ്രായപ്പെട്ടിട്ടുള്ളതു നിശ്ചയമായും ശ്രദ്ധേയമാണ്. മതവും സാമുദായികാചാരവും അതിനെ ചിലപ്പോള്‍ വിസ്മരിച്ചുകളയുന്നു. ഈ അടുത്തു കഴിഞ്ഞ കാലങ്ങള്‍ നമ്മോട് ആ ഒരു തത്ത്വത്തെ വിലവെച്ചുകൊള്‍വാന്‍ ഉപദേശിച്ചുപോന്നു. ചാരിത്രം എന്നതു നിര്‍ബന്ധപൂര്‍വമായ സംഭോഗനിവൃത്തിമാത്രമായി രൂപാന്തരപ്പെടുന്നതോടുകൂടി, അതു പ്രകൃത്യനുസാരിയല്ലാതാവുന്നു. ചാരിത്രത്തെ നിലനിര്‍ത്താഞ്ഞാല്‍ സ്വര്‍ഗം നഷ്ടപ്പെടുമെന്നു പറഞ്ഞുപിടിപ്പിക്കുന്നതും, ചില കാടന്മാര്‍ക്കിടയില്‍ നടപ്പുള്ളവിധം ഭര്‍ത്താക്കന്മാര്‍ ഉപജീവനമാര്‍ഗം തേടി വെളിയിലേക്കിറങ്ങുന്നതിനു മുന്‍പായി ഭാര്യയുടെ ബൃഹത്ഭഗോഷ്ഠങ്ങളില്‍ മുന്‍കൂട്ടിയുണ്ടാക്കിവെച്ചിട്ടുള്ള ദ്വാരങ്ങളിലൂടെ താഴിട്ടുകൊളുത്തി പൂട്ടിയിടുന്ന പതിവു നടപ്പിലായിരിക്കുന്നതും, ചാരിത്രത്തെ വേണ്ടതിലധികം വിലവെച്ചു മറുകണ്ടം ചാടിയതിന്റെ രൂപവിശേഷങ്ങളാണ്. അവയെല്ലാം പ്രകൃതിവിരുദ്ധമാണെന്നുതന്നെ തീര്‍ച്ചപ്പെടുത്തണം. അതിനെ പിന്താങ്ങുന്ന മതത്തേയും ആചാരത്തേയും അതിക്രമിച്ചുകടക്കാതെ അലോചനാശീലന്മാര്‍ക്കു ഗത്യന്തരമില്ലെന്നാവുന്നു. ഇങ്ങനെയാണ് ഈയ്യിടയില്‍വെച്ചു കാമവികാരപരമായ ജീവിതത്തില്‍ അരാജകത്വം വ്യാപിക്കുകയും ചാരിത്രത്തിന്റെ എതിര്‍ഭാഗം എതാണ്ട് ആദര്‍ശമെന്ന നിലയിലേക്ക് ഒട്ടൊട്ടു കടന്നുകൂടയും ചെയ്യാന്‍ തുടങ്ങിയത്.
എഡ്വേര്‍ഡ് കാര്‍പ്പെന്റരുടെ അതിശ്രദ്ധേയമായ ഒരഭിപ്രായത്തെ എടുത്തുചേര്‍ത്ത് ഇയൊരു ഭാഗത്തെ ഞാന്‍ അവവസാനിപ്പിക്കട്ടെ: 'മനുഷ്യസമുദായത്തിനു പഠിക്കാനുള്ള ഒടുവിലത്തേതും പ്രയാസം തികഞ്ഞതുമായ പാഠം അനുരാഗസംബന്ധിയാണ്. ഒരുവിധത്തില്‍ നോക്കുമ്പോള്‍ സര്‍വത്തിന്റേയും അടിയില്‍ക്കിടക്കുന്നതും അനുരാഗംതന്നെ. ഒരു സമയം ഇന്നത്തെ എല്ലാ പരിഷ്‌കൃതജനസമുദായങ്ങളും കുട്ടികള്‍ മാത്രമാണെന്നുള്ള നിലവിട്ട് അതിനെ പഠിച്ചുവെക്കാന്‍ നോക്കേണ്ട കാലം നിശ്ചയമായും അത്യാസന്നമായിരിക്കുന്നു.'
(രതിസാമ്രാജ്യം എന്ന പുസ്തകത്തില്‍ നിന്ന്)
source : http://www.mathrubhumi.com/books
No comments:
Post a Comment